കൊച്ചി: ബസ് ജീവനക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വ്യദ്ധനെ ആശുപത്രിയില്‍ എത്തിച്ചതെന്നും എന്നാല്‍ അതിന് ശേഷം ബസ് ജീവനക്കാര്‍ തരിഞ്ഞു നോക്കിയില്ലെന്നും കൊച്ചിയില്‍ മരിച്ച വ്യദ്ധനെ ആശുപത്രിയില്‍ എത്തിച്ച  ഓട്ടോറിക്ഷ ഡ്രൈവര്‍ ഇസ്മയില്‍. 'വായില്‍ നിന്നും നുരയും പതയും വരുന്ന നിലയിലായിരുന്നു അദ്ദേഹത്തെ ഓട്ടോറിക്ഷയില്‍ കയറ്റിയത്. ആശുപത്രിയില്‍ എത്തിക്കാന്‍ ബസ് ജീവനക്കാര്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. 

എനിക്ക് തനിച്ച് മാനേജ് ചെയ്യാന്‍ കഴിയില്ലെന്നും ഒരാളെങ്കിലും ഒപ്പം കയറണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ ഇതിന് കൂട്ടാക്കാതെ ബസ് ഓടിച്ച് പോയി. തുടര്‍ന്ന് ഞാന്‍ എന്‍റെ സുഹൃത്തുക്കളെയും കൂട്ടിയാണ് അദ്ദേഹത്തെ ഡോക്ടറുടെ അടുത്തെത്തിച്ചത്'. പക്ഷേ അപ്പോഴേക്കും മരിച്ചിരുന്നുവെന്നും ഓട്ടോ ഡ്രൈവര്‍ ഇസ്മയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ബസിൽ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വ്യദ്ധനെ സ്വകാര്യ ബസ് ജീവനക്കാര്‍ നിര്‍ബന്ധിച്ച് വഴിയിൽ ഇറക്കിവിടുകയായിരുന്നു. 
മുവാറ്റുപുഴ വണ്ണപ്പുറം റൂട്ടിൽ ഇന്നലെയാണ്  സംഭവം.  മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യർ ആണ് മരിച്ചത്. മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യർ വാഹനത്തിൽ  കുഴഞ്ഞു വീഴുകയും അത് പരിഗണിക്കാതെ 5 കിലോമീറ്റർ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാർ  ഇറക്കുകയുമായിരുന്നു.

പിന്നീട് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സേവ്യര്‍ അവിടെ വച്ചാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ ഉണ്ടായിരുന്നതായാണ് വിവരം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ തന്നെ വൈദ്യസഹായം വേണമെന്ന് സേവ്യര്‍ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. എന്നാൽ അവിടെ നിന്നും അഞ്ച് കിലോമീറ്റര്‍ കൂടി പോയാണ് ബസ് നിര്‍ത്തി സേവ്യറെ ഇറക്കിയത്.