കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണവുമായി ബന്ധപ്പെട്ട് മറ്റ് ദുരൂഹതകളൊന്നും റിപ്പോർട്ടില്‍ പരാമര്‍ശിക്കുന്നില്ല. കഴിഞ്ഞ 18ന് ആത്മഹത്യ ചെയ്ത സാജന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നാണ് പൊലീസിന് ലഭിച്ചത്.  ഇതിനിടെ അന്വേഷണ സംഘം ഇന്ന് സാജന്‍റെ മക്കളുടെ മൊഴിയെടുത്തു.  കുടുംബ പ്രശ്‍നങ്ങള്‍ ആത്മഹത്യക്ക് കാരണാമായോ എന്നറിയുന്നതിന് വേണ്ടിയാണിത്.  കൂടുതൽ പേരുടെ മൊഴി വരും ദിവസങ്ങളിലെടുക്കും. 

അതേസമയം ആന്തൂർ വിവാദങ്ങൾക്കിടെ ചേർന്ന സിപിഎം കണ്ണൂ‍ർ ജില്ലാക്കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയായില്ലെന്നാണ് സൂചന. പി കെ ശ്യാമളക്ക് തെറ്റ് പറ്റിയെന്ന് നേരത്തെ ജില്ലാ സെക്രട്ടേറിയേറ്റ് വിലയിരുത്തിയിരുന്നു. എന്നാൽ ചെയർപേഴ്സണ് തെറ്റുപറ്റിയില്ലെന്ന നിലപാടാണ് സംസ്ഥാന സമിതി സ്വീകരിച്ചത്.

ജൂണ്‍ 18 നാണ് ബക്കളത്തെ പാർത്ഥാസ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍(48) ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയിലുള്ള അദ്ദേഹത്തിന്‍റെ കെട്ടിടം പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിലുണ്ടായ തടസ്സങ്ങളും കാലതാമസവുമാണ് പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.