ദില്ലി: കേരളത്തിൽ നിന്ന് വിദേശത്തേക്കുള്ള വിമാനയാത്രാ നിരക്ക് വർധനയിൽ പരിഹാര നടപടി സ്വീകരിക്കുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ്സിംഗ് പുരി കേരളത്തിലെ എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പ് നൽകിയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ അറിയിച്ചു. 

ഉത്സവ സീസണിൽ കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കും. കേരളത്തിൽ നിന്ന്  യൂറോപ്പിലേക്ക് സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികളുമായി ചർച്ച നടത്താന്‍ വ്യോമയാന സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി. എയർ ഇന്ത്യയുടെ ദില്ലി സര്‍വ്വീസ് പ്രതിദിനമാക്കും. യോഗതീരുമാനങ്ങളുടെ തുടർച്ച പരിശോധിക്കാൻ അവലോകന യോഗം അടുത്ത പാർലമെന്റ് സെക്ഷനിൽ വീണ്ടും ചേരും.

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ സ്വകാര്യവത്കരണവും യോഗത്തില്‍ ചര്‍ച്ചയായി. വിമാനത്താവളങ്ങളിലെ ചില സർവീസുകളാണ് കമ്പനികളെ ഏൽപ്പിക്കുന്നതെന്നും വിമാനത്താവള സ്വകാര്യവത്കരണം എന്ന പ്രയോഗം തന്നെ തെറ്റാണെന്നും മന്ത്രി യോഗത്തില്‍ വിശദീകരിച്ചു. വിമാനത്താവളം അദ്വാനി ഗ്രൂപ്പിന് ഏൽപിക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.