തിരുവനന്തപുരം: അയോധ്യ കേസിലെ വിധിയിൽ പ്രതിഷേധിച്ച് അനുമതിയില്ലാതെ പ്രകടനം നടത്തിയ എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂരില്‍ പ്രകടനം നടത്തിയ എസ്‍ഡിപിഐ പ്രവർത്തകർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ണൂർ നഗരത്തിലാണ് പ്രതിഷേധപ്രകടനം നടത്തിയത്. ഇരുന്നൂറോളം പേർക്കെതിരെയാണ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കേസ് എടുത്തത്. പ്രതിഷേധ പ്രകടനം പൊലീസ് നേരത്തെ വിലക്കിയിരുന്നു. 

വയനാട് മാനന്തവാടിയിൽ പൊലീസിന്‍റെ വിലക്ക് ലംഘിച്ചു പ്രതിഷേധ പ്രകടനം നടത്താൻ ശ്രമിച്ച 67 എസ്‍ഡിപിഐ പ്രവർത്തകരെ അറസ്റ്റുചെയ്തു. എല്ലാവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു. അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

ആലപ്പുഴയില്‍ പ്രതിഷേധത്തിനു ഒത്തു ചേർന്ന 77 എസ്‍ഡിപിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.  മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടായിരുന്നു പൊലീസ് നീക്കം