പരിക്കുമൂലം പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രം കളിച്ച ഇഷാൻ കിഷന്‍ രണ്ടു സ്ഥാനങ്ങൾ താഴേക്ക് ഇറങ്ങി മൂന്നാം സ്ഥാനത്തായി. ആദ്യ മൂന്ന് മത്സരങ്ങളിലും തിളങ്ങാനാവാതിരുന്ന ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ അഞ്ച് സ്ഥാനങ്ങൾ താഴേക്കിറങ്ങി.

ദുബായ്: ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ റെക്കോര്‍ഡ് സെഞ്ചുറിക്ക് പിന്നാലെ ഐസിസി ടി20 ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ. ഒന്നാമനായിരുന്ന ഇന്ത്യയുടെ ഇഷാന്‍ കിഷനെ പിന്തള്ളി 897 റേറ്റിംഗ് പോയിന്‍റുകളോടെയാണ് അഭിഷേക് വീണ്ടും ഒന്നാമത് എത്തിയത്. വെല്ലിംഗ്ടണിൽ നടന്ന മൂന്നാം ടി20യിൽ വെറും 38 പന്തിൽ 11 സിക്സറുകൾ അടക്കം 113 റൺസ് അടിച്ചുകൂട്ടിയതാണ് അഭിഷേകിന് റാങ്കിംഗിൽ ഒന്നാമതെത്താൻ വഴിയൊരുക്കിയത്. 883 പോയിന്‍റുള്ള പാകിസ്ഥാൻ നായകൻ സാഹിബ്സാദ ഫർഹാനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.

ഇഷാനും ശ്രേയസിനും തിരിച്ചടി, സഞ്ജുവിന് മുന്നേറ്റം

പരിക്കുമൂലം പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രം കളിച്ച ഇഷാൻ കിഷന്‍ രണ്ടു സ്ഥാനങ്ങൾ താഴേക്ക് ഇറങ്ങി മൂന്നാം സ്ഥാനത്തായി. ആദ്യ മൂന്ന് മത്സരങ്ങളിലും തിളങ്ങാനാവാതിരുന്ന ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ അഞ്ച് സ്ഥാനങ്ങൾ താഴേക്കിറങ്ങി 758 പോയിന്‍റോടെ ഒമ്പതാം സ്ഥാനത്തേക്ക് വീണപ്പോള്‍ തിലക് വര്‍മ പത്താം സ്ഥാനം നിലനിര്‍ത്തി. ബാറ്റിംഗ് റാങ്കിംഗിൽ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യൻ താരം സഞ്ജു സാംസണാണ്. ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സഞ്ജു 20-ാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, ന്യൂസിലൻഡ് താരം ഫിൻ അലൻ മൂന്ന് സ്ഥാനങ്ങൾ കയറി 25-ാം സ്ഥാനത്തെത്തി. ബൗളിംഗ് റാങ്കിംഗിൽ അർഷ്ദീപ് സിംഗ് ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15-ാം റാങ്കിലെത്തിയപ്പോൾ ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്‍റ്നർ ഏഴ് സ്ഥാനങ്ങൾ കയറി ഏഴാമതെത്തി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ടെസ്റ്റിൽ മാർക്കോ യാൻസന് ചരിത്ര നേട്ടം

ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ മാർക്കോ യാൻസൻ ടെസ്റ്റ് ബൗളർമാരുടെ ഐസിസി റാങ്കിംഗിൽ ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ഇതോടൊപ്പം ഓൾറൗണ്ടർമാരുടെ പട്ടികയിലും യാൻസൻ ഒന്നാമതെത്തി. കഴിഞ്ഞ നാല് വർഷത്തിലേറെയായി രവീന്ദ്ര ജഡേജ നിലനിർത്തിയിരുന്ന ഒന്നാം സ്ഥാനമാണ് യാൻസൻ സ്വന്തമാക്കിയത്. ക്വെബെറയിൽ ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിൽ 85 റൺസും അഞ്ച് വിക്കറ്റും വീഴ്ത്തിയതാണ് യാൻസന് നേട്ടമായത്. ഓസ്ട്രേലിയക്കെതിരെ 179 റൺസ് നേടി ദക്ഷിണാഫ്രിക്ക വിജയത്തിന് അടിത്തറയിട്ട ക്യാപ്റ്റൻ ടെംബ ബാവുമ ബാറ്റിംഗ് റാങ്കിംഗിൽ നാല് സ്ഥാനങ്ങൾ ഉയർന്ന് രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് ആണ് ഒന്നാം സ്ഥാനത്ത്. ഏകദിന റാങ്കിംഗില്‍ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഒന്നാമതും വിരാട് കോലി മൂന്നാമതും രോഹിത് ശര്‍മ നാലാമതുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക