മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ താൻ നേടിയ സെഞ്ചുറിയേക്കാൾ ഉപരി സഞ്ജു സാംസൺ ടീമിനായി ചെയ്ത ത്യാഗത്തെക്കുറിച്ചാണ് അഭിഷേക് ഊന്നിപ്പറഞ്ഞത്.

വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ നേടിയ കൂറ്റൻ ജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി സഹ ഓപ്പണര്‍ അഭിഷേക് ശർമ്മ. യുവതാരം വൈഭവ് സൂര്യവംശിക്ക് വേണ്ടി സ്വന്തം ഓപ്പണിങ് സ്ഥാനം വിട്ടുനൽകിയ സഞ്ജുവിന്‍റെ തീരുമാനമാണ് ടീമിന് ഭയമില്ലാതെ കളിക്കാനുള്ള പ്രചോദനം നൽകിയതെന്ന് അഭിഷേക് പറഞ്ഞു. വെല്ലിംഗ്ടണിൽ നടന്ന മത്സരത്തിൽ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 13.2 ഓവറിൽ ലക്ഷ്യം മറികടന്നിരുന്നു. അഭിഷേക് ശർമ്മ 38 പന്തിൽ 113 റൺസും വൈഭവ് സൂര്യവംശി 19 പന്തിൽ 45 റൺസും അടിച്ചുകൂട്ടി. പവർപ്ലേയിൽ വിക്കറ്റ് നഷ്ടപ്പെടാതെ 118 റൺസ് നേടിയ ഇന്ത്യ, ട്വന്റി-20 ക്രിക്കറ്റിലെ തന്നെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറെന്ന റെക്കോർഡും സ്വന്തമാക്കി.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ താൻ നേടിയ സെഞ്ചുറിയേക്കാൾ ഉപരി സഞ്ജു സാംസൺ ടീമിനായി ചെയ്ത ത്യാഗത്തെക്കുറിച്ചാണ് അഭിഷേക് ഊന്നിപ്പറഞ്ഞത്. സഞ്ജു ഭായിയും ഞാനുമാണ് മുൻപത്തെ മത്സരങ്ങളിൽ ഓപ്പൺ ചെയ്തിരുന്നത്. എന്നാൽ ഇന്ന് വൈഭവിന് വേണ്ടി അദ്ദേഹം തന്‍റെ ബാറ്റിംഗ് സ്ഥാനം മാറിക്കൊടുത്തു. സഞ്ജു ഭായി തികച്ചും സ്വാർത്ഥതയില്ലാത്ത കളിക്കാരനാണ്. മുൻ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടും ടീമിന്‍റെ നല്ല കോമ്പിനേഷന് വേണ്ടി അദ്ദേഹം മൂന്നാം നമ്പറിലേക്ക് ഇറങ്ങാൻ തയ്യാറായി. ഡ്രസ്സിംഗ് റൂമിലെ ഇത്തരം നല്ല അന്തരീക്ഷമാണ് എല്ലാവർക്കും ക്രീസിൽ പോയി സ്വതന്ത്രമായി ബാറ്റ് ചെയ്യാൻ കരുത്തു നൽകുന്നതെന്നും അഭിഷേക് വ്യക്തമാക്കി.

Scroll to load tweet…

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴിൽ വ്യക്തിഗത റെക്കോർഡുകളേക്കാൾ ടീമിന്‍റെ സ്ട്രൈക്ക് റേറ്റിനും ആക്രമണ ശൈലിക്കുമാണ് പ്രാധാന്യം നൽകുന്നത്. ഒന്നാം മത്സരത്തിൽ 33 പന്തിൽ 67 റൺസ് നേടി പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷവും, യുവതാരത്തിന് വഴിമാറിക്കൊടുക്കാൻ സഞ്ജു കാണിച്ച മനസ്സ് ഡ്രസ്സിംഗ് റൂമിലെ ശക്തമായ കൂട്ടായ്മയുടെ തെളിവാണ്. സീനിയർ താരം ടീമിനായി ഏത് റോളും ഏറ്റെടുക്കാൻ തയ്യാറാകുമ്പോൾ, അത് മറ്റുള്ള കളിക്കാർക്കും വലിയ പ്രചോദനമാകുന്നുവെന്ന് അഭിഷേക് കൂട്ടിച്ചേർത്തു. പരമ്പരയിൽ 3-0ത്തിന് മുന്നിലെത്തിയ ഇന്ത്യയുടെ അടുത്ത മത്സരം വെള്ളിയാഴ്ച ഓക്‌ലൻഡിൽ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക