Asianet News MalayalamAsianet News Malayalam

'ആസാദ് കശ്മീർ' പരാമർശം; ജലീലിനെതിരെ കേസെടുക്കണമെന്ന് ഇതുവരെ ഉത്തരവ് ഇട്ടിട്ടില്ലെന്ന് ദില്ലി റോസ് അവന്യൂ കോടതി

കെ ടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞത് തനിക്ക് പറ്റിയ തെറ്റാണെന്ന് പരാതിക്കാരൻ ജി എസ് മണി കോടതിയെ അറിയിച്ചു. സംഭവത്തില്‍ പരാതിക്കാരൻ നിരുപാധികം മാപ്പ് ചോദിച്ചു.

 Azad Kashmir statement Delhi Court court says not issue orders to charge case against KT Jaleel
Author
First Published Sep 14, 2022, 2:27 PM IST

ദില്ലി: ആസാദ് കശ്മീർ പരാമർശത്തിൽ മുൻമന്ത്രി കെ ടി ജലീലിന് എതിരെ കേസെടുക്കണമെന്ന് ഇതുവരെ ഉത്തരവ് ഇട്ടിട്ടില്ലെന്ന് ദില്ലി റോസ് അവന്യൂ കോടതി. കെ ടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞത് തനിക്ക് പറ്റിയ തെറ്റാണെന്ന് പരാതിക്കാരൻ ജി എസ് മണി കോടതിയെ അറിയിച്ചു.

സംഭവത്തില്‍ പരാതിക്കാരൻ നിരുപാധികം മാപ്പ് ചോദിച്ചു. ഉത്തരവ് കൈവശം കിട്ടിയ ശേഷമേ റിപ്പോര്‍ട്ട് ചെയ്യാവൂവെന്ന് മാധ്യമങ്ങളോട് കോടതി നിര്‍ദ്ദേശിച്ചു. പരാതിക്കാരൻ കോടതിയെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ജലീലിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, ജലീലിനെതിരെ കേസെടുക്കണമെന്ന ഹര്‍ജിയിൽ കോടതി ഇന്ന് വൈകീട്ട് നാല് മണിക്ക് വിധി പറയും. ജലീലിന്‍റെ വാദവും ഇന്ന് കോടതി കേട്ടു. ഉത്തരവ് പറയും മുമ്പ് തന്‍റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് ജലീൽ അപേക്ഷ നൽകിയിരുന്നു.

കശ്മീർ സന്ദർശിച്ച ശേഷം ജലീൽ ഇട്ട ഫേസ്ബുക്ക് കുറിപ്പിലെ 'ഇന്ത്യ അധീന കശ്മീർ', 'ആസാദ് കാശ്മീർ' തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്. വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ ജലീലിനെതിരെ നേരത്തെ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപ ആഹ്വാന ഉദ്ദേശത്തോടെയാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ്ഐആർ. ജലീലിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നr വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആ‌ർ. ആ‌ർഎസ്എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുൺ മോഹനാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസെടുത്തെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും ജലീലിന്‍റെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള തുടർ നടപടികളിലേക്ക് പൊലീസ് കടക്കുക.

Follow Us:
Download App:
  • android
  • ios