Asianet News MalayalamAsianet News Malayalam

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാന്‍ ബില്ല്, വിമര്‍ശനവുമായി കൃഷി വകുപ്പ് സെക്രട്ടറി

അശോകിന്‍റെ നടപടിയില്‍ മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തി. അതൃപ്തി ചീഫ് സെക്രട്ടറി അശോകിനെ അറിയിക്കും.

B Ashok criticized the draft bill to remove the governor from the post of chancellor
Author
First Published Nov 30, 2022, 3:24 PM IST

തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കരട് ബില്ലിനെ വിമര്‍ശിച്ച് കൃഷി വകുപ്പ് സെക്രട്ടറി ബി അശോക്. ചാന്‍സലറെ മാറ്റാനുള്ള കാരണം ആമുഖത്തില്‍ ഇല്ലെന്ന് അശോക് പറഞ്ഞു. അശോകിന്‍റെ നടപടിയില്‍ മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തി. അതൃപ്തി ചീഫ് സെക്രട്ടറി അശോകിനെ അറിയിക്കും. സര്‍വ്വകലാശാല ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം ഇന്നാണ് അംഗീകാരം നൽകിയത്. ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസങ്ങളിൽ തന്നെ ബില്ല് അവതരിപ്പിക്കും. 

സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് സമവായ സാധ്യത ഇല്ലാതായോടെയാണ് സര്‍വ്വകലാശാല ചാൻസലര്‍ പദവിയിൽ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നിയമ സര്‍വ്വകലാശാല ഒഴികെ ബാക്കിയെല്ലാത്തിലും ചാൻസലര്‍ ഗവര്‍ണറാണ്. ഓരോ സര്‍വ്വകലാശാലക്കും പ്രത്യേകം ഭേദഗതി ആവശ്യമായതിനാൽ സമാന സ്വഭാവമുള്ള സര്‍വ്വകലാശാലകൾക്ക് ഒരു ചാൻസലര്‍ എന്ന നിലയിൽ  ആകെ അഞ്ച് ബില്ലുകളാണ് തയ്യാറാക്കിയിട്ടുള്ളത്. 

പുതിയ ചാൻസലറെ കണ്ടെത്തുമ്പോൾ ഓഫീസ് ഫോൺ, കാര്‍ എന്നിവ അനുവദിക്കുന്നതിന് ഫണ്ട് ആവശ്യമാണ്. സാമ്പത്തിക ബില്ലാണെങ്കിൽ ഗവര്‍ണറുടെ മുൻകൂര്‍ അനുമതിയും വേണം. ഇതൊഴിവാക്കാൻ ചാൻസലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സര്‍വ്വകലാശാലയുടെ തനത് ഫണ്ടിൽ നിന്ന് ഉപയോഗിക്കാനാണ് തീരുമാനം. തനത് ഫണ്ട് ഉപയോഗിക്കുന്നതിനാൽ ബില്ലിന് ഗവര്‍ണറുടെ മുൻകൂര്‍ അനുമതി വേണ്ട. ബില്ല് നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടാനും ഇടയില്ല. സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നത് അടക്കമുള്ള നടപടികൾക്കായി നാളെ വീണ്ടും മന്ത്രിസഭ യോഗം ചേരും. 

Follow Us:
Download App:
  • android
  • ios