Asianet News MalayalamAsianet News Malayalam

'സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നുള്ള സംഘടിത നീക്കത്തിന്റെ ഭാഗമായുള്ള അട്ടിമറി': ബി ഗോപാലകൃഷ്ണൻ

'സമീപകാലത്ത് കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലേക്ക് വന്ന ഒരു നേതാവിന്റെ കീഴില്‍ തൃശൂര്‍ ജില്ല സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന മാത്രം ലക്ഷ്യം വെച്ചുകൊണ്ട് സെക്രട്ടറിയേറ്റ് ഒരാളെ ചുമതലപ്പെടുത്തി. ചുമതലപ്പെടുത്തിയ ആള്‍ അവിടെവന്ന് സര്‍ക്കുലര്‍ ഇറക്കി സിപിഎമ്മിന്റെയും അതുവഴി കൃത്യമായ ജാതി രാഷ്ട്രീയത്തിന്റെയും സങ്കലനമുണ്ടാക്കിയാണ് പരാജയപ്പെടുത്തിയത്'

B. Gopalakrishnan spoke about his loss
Author
Thrissur, First Published Dec 16, 2020, 6:04 PM IST

തൃശൂര്‍: സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കോര്‍പ്പറേഷനില്‍ നടത്തിയ സംഘടിത നീക്കത്തിന്‍റെ ഭാഗമായുള്ള അട്ടിമറിയാണ് കുട്ടൻകുളങ്ങരയിലെ പരാജയമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണൻ. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപരമായി സിപിഎമ്മിന് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള വ്യക്തിയെന്ന നിലയില്‍ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പക്ഷേ ആ പരാജയം സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കോര്‍പ്പറേഷനില്‍ ഗോപാലകൃഷ്ണന്‍ വരാന്‍ പാടില്ല എന്ന സംഘടിത നീക്കത്തിന്റെ ഭാഗമായി ഉണ്ടാക്കിയ അട്ടിമറിയാണ്. സമീപകാലത്ത് കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലേക്ക് വന്ന ഒരു നേതാവിന്റെ കീഴില്‍ തൃശൂര്‍ ജില്ല സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന മാത്രം ലക്ഷ്യം വെച്ചുകൊണ്ട് സെക്രട്ടറിയേറ്റ് ഒരാളെ ചുമതലപ്പെടുത്തി. ചുമതലപ്പെടുത്തിയ ആള്‍ അവിടെവന്ന് സര്‍ക്കുലര്‍ ഇറക്കി സിപിഎമ്മിന്റെയും അതുവഴി കൃത്യമായ ജാതി രാഷ്ട്രീയത്തിന്റെയും സങ്കലനമുണ്ടാക്കിയാണ് പരാജയപ്പെടുത്തിയത്'- ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. പക്ഷേ രാഷ്ട്രീയമായി ബിജെപി പരാജയപ്പെട്ടിട്ടില്ല. രാഷ്ട്രീയമായി സിപിഎമ്മിന് ഗോപാലകൃഷ്ണനെയോ ബിജെപിയോ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും അതിശക്തമായ പ്രക്ഷോഭവും അതിശക്തമായ സംഘടനാപരമായ ചുമതലയുമായി ഈ കോര്‍പ്പറേഷനില്‍ തന്നെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂരിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായ കുട്ടൻകുളങ്ങരയിലാണ് ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാർത്ഥി ബി സുരേഷ് കുമാറാണ് ഇവിടെ വിജയിച്ചത്. വളരെ സുരക്ഷിതമായ സീറ്റെന്ന നിലയിലാണ് എൻഡിഎ ഇവിടെ ബി ഗോപാലകൃഷ്ണനെ മത്സരിപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios