കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ ബിജെപി ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന് സീറ്റില്ല. ഘടകകക്ഷിയായ ട്വന്‍റി20ക്ക് സീറ്റ് നൽകാൻ തീരുമാനിച്ചതോടെയാണിത്. ഡോ. വർഗീസ് ജോർജാണ് ട്വന്‍റി20 സ്ഥാനാർത്ഥി, ഇതോടെ ഗോപാലകൃഷ്ണനായി തുടങ്ങിയ പ്രചാരണങ്ങൾ നിർത്തിവെച്ചു.
തൃശൂർ: കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ബിജെപി ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന് സീറ്റില്ല. ട്വന്‍റി20 ആയിരിക്കും എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുക. ഗോപാലകൃഷ്ണന് വേറെ ഏതെങ്കിലും മണ്ഡലത്തിൽ സീറ്റ് ഉണ്ടാകുമോ എന്നതിലും തീരുമാനം ആയിട്ടില്ല. ഡോ. വര്‍ഗീസ് ജോര്‍ജാണ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ ട്വന്‍റി20 സ്ഥാനാര്‍ത്ഥി. പിഎച്ച്ഡി ബിരുദമുള്ള എഞ്ചിനിയറിംഗ് മേഖലയിലും മാനേജ്‌മെന്‍റ് മേഖലയിലും സ്വദേശത്തും വിദേശത്തും വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ഡോ. വര്‍ഗീസ് ജോര്‍ജ്, ട്വന്റി20 പാര്‍ട്ടിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് കൂടിയാണ്.
കൊടുങ്ങല്ലൂർ സീറ്റ് വേണമെന്ന് ട്വന്റി ട്വന്റിയും ബിഡിജെഎസും ആവശ്യപ്പെട്ടതോടെയാണ് എൻഡിഎയിൽ തർക്കം ഉടലെടുത്തത്. ഇതോടെ സംസ്ഥാന നേതൃത്വം ത്രിശങ്കുവിലായി. കൊടുങ്ങല്ലൂരിൽ ബി ഗോപാലകൃഷ്ണൻ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ബി ഗോപാലകൃഷ്ണനായി ചുവരെഴുത്ത് പ്രചാരണവും തുടങ്ങിയിരുന്നു. ഇതിനിടയിലാണ് സീറ്റിനായി ഘടകകക്ഷികൾ രംഗത്തെത്തിയത്. തർക്കം വന്നതോടെ ഗോപാലകൃഷ്ണനായി തുടങ്ങിയ ചുവരെഴുത്തുകൾ പ്രവർത്തകർ നിർത്തിവച്ചു.
സ്ഥാനാർത്ഥിക്കെതിരായ വിമർശനം, നോബിൾ മാത്യുവിന് സസ്പെൻഷൻ
അതിനിടെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സ്ഥാനാർഥി പട്ടികക്കെതിരായ പ്രതികരണങ്ങളിൽ ആണ് നടപടി. ഇന്നലെ പട്ടിക വന്നതു മുതൽ നോബിൾ മാത്യു അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. അവിടെയാണ് അപ്രതീക്ഷിതമായി ജോർജ് കുര്യനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ നോബിൾ മാത്യു വിമതനായി മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ബിജെപി നേതൃത്വം അതിവേഗം നടപടി എടുക്കുകയായിരുന്നു. ന്യൂനപക്ഷമോർച്ചയുടെ നേതാവ് കൂടിയാണ് നോബിൾ മാത്യു.
പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിർത്തിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് നോബിൾ മാത്യു പ്രതികരിച്ചത്. സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് പോരും വീതംവെപ്പുമാണ് നടന്നതെന്നും നോബിൾ മാത്യു ആരോപിച്ചു.


