Asianet News MalayalamAsianet News Malayalam

മുൻ എംഎൽഎ ബി രാഘവൻ അന്തരിച്ചു; കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

സി പി എം സംസ്ഥാന കമ്മിറ്റി അംഗവും കെ എസ് കെ ടി യു മുൻ സംസ്ഥാന പ്രസിഡന്റുമാണ് ബി രാഘവൻ. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് താമരക്കുടിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

b raghavan passed away
Author
Kollam, First Published Feb 23, 2021, 8:28 AM IST

കൊല്ലം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുൻ എംഎൽഎയും എസ് സി എസ് ടി കോർപ്പറേഷൻ ചെയർമാനുമായ കൊട്ടാരക്കര താമരക്കുടി രാഖിയിൽ ബി രാഘവൻ(69) നിര്യാതനായി. സി പി എം സംസ്ഥാന കമ്മിറ്റി അംഗവും കെ എസ് കെ ടി യു മുൻ സംസ്ഥാന പ്രസിഡന്റുമാണ്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ബി രാഘവനെയും കുടുംബ അംഗങ്ങളെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

കടുത്ത ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെയാണ് ബി രാഘവനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് നെഗറ്റീവായിട്ടും ആരോഗ്യനില മോശമായി തുടരുകയായിരുന്നു. ഇരു കിഡ്നികളുടെയും പ്രവർത്തനശേഷി നഷ്ടമായതോടെ സ്ഥിതി കൂടുതൽ സങ്കീർണമായി. ഇന്ന് പുലർച്ചെ നാലേമുക്കാലിന് മരിച്ചു. സി പി എമ്മിന്റെ കൊല്ലം ജില്ലയിലെ പ്രധാനികളിൽ ഒരാളാണ് ബി രാഘവൻ. 

1987ൽ നെടുവത്തൂരിൽ നിന്നാണ് രാഘവൻ ആദ്യമായി നിയമസഭാ സാമാജികനായത്. കേരളകോൺഗ്രസ്(ജെ) സ്ഥാനാർത്ഥിയായ കോട്ടക്കുഴി സുകുമാരനെ പതിനയ്യായിരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കന്നി അങ്കത്തിൽ വിജയം ചേർത്തുനിർത്തിയത്. 1991ൽ കോൺഗ്രസിലെ എൻ നാരായണനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി. 1996ൽ കോൺഗ്രസിലെ എഴുകോൺ നാരായണനോട് പരാജയപ്പെട്ടുവെങ്കിലും 2006ൽ 48023 വോട്ടിന്റെ ഭൂരിപക്ഷം നേടി തിരികെ നിയമസഭയിലെത്തി. സാധാരണക്കാരന്റെ പ്രശ്നങ്ങൾക്കൊപ്പം ചേർന്നുനിന്നതായിരുന്നു രാഘവനെ കൂടുതൽ സ്വീകാര്യനാക്കിയത്.

മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് താമരക്കുടിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഇന്ന് നടക്കാനിരുന്ന ഇടത് മുന്നണി ജാഥയുടെ കൊട്ടാരക്കരയിലെ സ്വീകരണ പരിപാടികൾ മാറ്റിവച്ചു. ഭാര്യ: രേണുക. മക്കൾ : രാകേഷ്.ആർ. രാഘവൻ, രാഖി ആർ.രാഘവൻ.

Follow Us:
Download App:
  • android
  • ios