വെറും ഒൻപത് സെന്റ് ഭൂമി മാത്രമുണ്ടായിരുന്ന അടൂർ നഗരസഭയക്ക് ഇന്ന് കാണുന്ന ഏക്കർ കണക്കിന് ഭൂമി വാങ്ങി നൽകിയത് ബാബുവിന്റെ കാലത്താണ്. കെഎസ്‍യു പ്രവർത്തകനായിരിക്കെ 27 ാം വയസിലാണ് ബാബു ദിവാകരൻ നഗരസഭയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്

പത്തനംതിട്ട: രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹണ്ടിലൂടെ ചെറുപ്രായത്തിൽ തന്നെ നഗരസഭാ ചെയർമാനായ കോൺഗ്രസ് നേതാവ് ഇന്ന് കടുത്ത ദുരിതത്തിൽ. ചെറുകിട വ്യവസായം തുടങ്ങാൻ എടുത്ത ബാങ്ക് വായ്പ മുടങ്ങിയതോടെ ജപ്തി ഭീഷണിയിലാണ് അടൂർ നഗരസഭയുടെ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ബാബു ദിവാകരന്റെ വീടും സ്ഥലവും. കൊവിഡിൽ കറിപ്പൊടി വ്യവസായം തകർന്നതും ഭാര്യയുടെ അസുഖവുമാണ് ബാബുവിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ഇപ്പോൾ മധുര പലഹാരങ്ങൾ ഉണ്ടാക്കി വിറ്റാണ് മൂന്നംഗ കുടുംബം കഴിയുന്നത്.

വെറും ഒൻപത് സെന്റ് ഭൂമി മാത്രമുണ്ടായിരുന്ന അടൂർ നഗരസഭയക്ക് ഇന്ന് കാണുന്ന ഏക്കർ കണക്കിന് ഭൂമി വാങ്ങി നൽകിയത് ബാബുവിന്റെ കാലത്താണ്. കെഎസ്‍യു പ്രവർത്തകനായിരിക്കെ 27 ാം വയസിലാണ് ബാബു ദിവാകരൻ നഗരസഭയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. എന്നാൽ അദ്ദേഹത്തിന്റെ ജീവിതം അത്ര സുഖമുള്ളതായിരുന്നില്ല. 2014 ൽ ബാങ്കിൽ നിന്നെടുത്ത പത്ത് ലക്ഷം രൂപയുടെ വായ്പ ഇപ്പോൾ കിടപ്പാടം പോലും നഷ്ടപ്പെടുത്തുമെന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചു.

രോഗിയായ ഭാര്യയുടെ ചികിത്സ ചെലവിനും മകന്റെ വിദ്യാഭ്യാസത്തിനും പണം കണ്ടെത്താനാണ് പലഹാര നിർമ്മാണം തുടങ്ങിയത്. ചെറുപ്പത്തിൽ തന്നെ താക്കോൽ സ്ഥാനങ്ങളിലെത്തിയെങ്കിലും പിന്നീട് രാഷ്ട്രീയത്തിൽ കാര്യമായി ഉയരങ്ങളിലെത്താൻ ദളിത് നേതാവ് കൂടിയായ ബാബുവിന് കഴിഞ്ഞില്ല. 2016 ലും 2021 ലും അടൂർ നിയമസഭ മണ്ഡലത്തിൽ ഇദ്ദേഹത്തെ എംഎൽഎ സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കുമെന്ന് വാർത്തകളുണ്ടായെങ്കിലും അവസാന നിമിഷത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു. രണ്ട് വട്ടവും കോൺഗ്രസ് സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ പരാജയപ്പെടുകയും ചെയ്തു.

YouTube video player