തിരുവനന്തപുരം: പ്രളയ ഭീകരതയുടെ സാക്ഷ്യമായി മലവെള്ളപ്പാച്ചിലിൽ കൂട്ടം തെറ്റിയെത്തിയ ആനക്കുട്ടി ഇനി തിരുവനന്തപുരത്തുക്കാരുടെ ഓമനയാകും. കോട്ടൂർ ആനപരിശീലന കേന്ദ്രത്തിലെ താരമായി മാറിയിരിക്കുകയാണ് ഈ പുതിയ അതിഥി. വളരെ പെട്ടെന്ന് തന്നെ രവീന്ദ്രനുമായി അവള്‍ ഇണങ്ങി. നിലത്തും,  ജനലിലും, വാതിലും അവള്‍ പരതി നോക്കി. അത്ര പരിചയമില്ലാത്ത സ്ഥലം. ഓടിവന്ന് രവീന്ദ്രന്‍റെ കൈ ചുറ്റിപ്പിടിച്ചു. തിന്നാല്‍ വല്ലതും കിട്ടുമോയെന്നന്വേഷണമാണ്. കപ്പുകാട് ആന വളര്‍ത്തല്‍ കേന്ദ്രത്തിലെ പുതിയ അതിഥിയാണവള്‍. കഴിഞ്ഞ പ്രളയത്തിന് നിലമ്പൂരിലെ മലവെള്ളത്തില്‍ കുടുംബത്തില്‍ നിന്നും വേര്‍പെട്ട് ഒലിച്ചു വന്നതാണവള്‍. 

നിലമ്പൂരില്‍ നിന്നും നേരത്തെയെത്തിയ മൂന്ന് വയസുകാരൻ മനു, രണ്ടര വയസുകാരി മായ, നാലുവയസുകാരി പൂർണ്ണ, ഒരു വയസുകാരൻ കണ്ണൻ, നാലര വയസുകാരൻ അർജുനനൻ, എന്നിവരോടൊപ്പം കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിലെ ഇള മുറക്കാരിയായി അവള്‍ ഇനി കഴിയും. ആഗസ്റ്റ് 14 നാണ് നിലമ്പൂരിലെ കരിമ്പുഴ ഭാഗത്ത് നിന്നാണ് രണ്ട് മാസത്തോളം പ്രായമുള്ള ആനക്കുട്ടിയെ വനംവകുപ്പിന് ലഭിച്ചത്. ശക്തമായ ഒഴുക്കിൽ നിന്ന് രക്ഷപ്പെട്ട് കരയ്ക്ക് കയറിയ ആനക്കുട്ടിയെ കുറിച്ച് നാട്ടുകാരാണ് നിലമ്പൂർ സൗത്ത് ഡിവിഷൻ കരുളായി റേഞ്ച് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.

തുടർന്ന് കരുളായി റേഞ്ച് ഓഫീസർ രാഗേഷിന്‍റെ നേതൃത്വത്തിൽ, നെടുങ്കയം, പടുക്ക സ്റ്റേഷനുകളിലെ  ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, ആനക്കുട്ടിയെ കാട്ടിലേക്ക് കയറ്റി വിടാൻ ശ്രമം നടത്തി. ഇതിനായി ആറ് കിലോമീറ്റർ ഉൾകാട്ടിലേക്ക് ആനക്കുട്ടിയെ കയറ്റിവിട്ടു. എന്നാൽ, രണ്ടിടങ്ങളിൽ ആനക്കൂട്ടങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇവ ആനക്കുട്ടിയെ കൂട്ടാതെ കടന്നു പോയി. 

വൈകുന്നേരം വീണ്ടും കയറ്റി വിട്ടെങ്കിലും പിറ്റേ ദിവസം ആനക്കുട്ടിയെ വീണ്ടും ജനവാസ കേന്ദ്രത്തിൽ കാണ്ടെത്തി. തുടർന്ന് വെറ്റിനറി ഡോക്ടർ എത്തി പരിശോധന നടത്തുകയും വനപാലകർ ആനക്കുട്ടിയെ പടുക്ക സ്റ്റേഷനിലേക്ക് കൊണ്ടുവരികയുമായിരുന്നു. പിന്നീട് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ആനക്കുട്ടിയെ കാപ്പുകാട് എത്തിക്കാൻ തീരുമാനിച്ചു. കരുളായി റേഞ്ച് ഓഫീസർ രാഗേഷ്, അസിസ്റ്റന്‍റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ അരുൺ സത്യൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ കാപ്പുകാട് എത്തിച്ച ആനക്കുട്ടിയെ കാപ്പുകാട് ഡെപ്യൂട്ടി റേഞ്ചർ രഞ്ജിത്ത് കുമാർ, ഡെപ്യൂട്ടി വാർഡൻ അനിൽകുമാർ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.  

ശനിയാഴ്ച രാവിലെ എട്ട് മണിയോടെ കാപ്പുക്കാടെത്തിച്ച ആനക്കുട്ടിയെ ആനപരിപാലന കേന്ദ്രത്തിലെ കുട്ടിയാനകൾക്കായുള്ള പ്രത്യേക കൂട്ടിലേക്ക് മാറ്റി, ഇവിടെ രവീന്ദ്രൻ എന്ന പരിചാരകനെ ആനക്കുട്ടിയുടെ ശുശ്രൂഷാ ചുമതല ഏല്‍പ്പിച്ചു. പാപ്പാന്മാരും കുട്ടിയാനകളും കൂട്ടിനെത്തിയപ്പോൾ ആനക്കുട്ടി ഉഷാറായി. പ്രത്യേക പരിചരണത്തിലാണിപ്പോൾ ആനക്കുട്ടി. വെറ്റിനറി ഡോക്റ്ററുടെ നിർദേശ പ്രകാരമാണ് ആനക്കുട്ടിയുടെ  ദിനചര്യകൾ ക്രമീകരിക്കുക. രണ്ടാഴ്ച്ചത്തെയെങ്കിലും നിരീക്ഷണ ശേഷമാകും ഇവളെ കാണാൻ സന്ദർശകർക്ക് അനുവാദമുണ്ടാകുകയുള്ളൂ. പുതിയ ആനകുട്ടിയുടെ വരവോടെ കുട്ടിയാന കൂട്ടം ഇപ്പോൾ ആറായി. ഇവര്‍ക്കൊപ്പം പ്രായം ചെന്ന സോമനും, മണിയനും, റാണയും, രാജ് കുമാറും ഉൾപ്പടെ കപ്പുകാട്ടെ ആകെ ആനകളുടെ എണ്ണം പത്തൊമ്പതായി.