കോതമംഗലം: വടാട്ടുപാറ യിൽ ജനവാസ മേഖലയ്ക്ക് സമീപം വനത്തിൽ ഒറ്റപ്പെട്ട കുട്ടിക്കൊമ്പനെ വനപാലകർ രക്ഷപ്പെടുത്തി. ഇടമലയാർ പുഴയിലൂടെ ഒഴുകി വന്നതാണെന്നാണ് പ്രാഥമിക നിഗമനം. ഇടമലയാറിനും പലവൻപടിക്കുമിടയിലാണ് രണ്ടു മാസം പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെ കൂട്ടംതെറ്റി കണ്ടെത്തിയത്. 

ഇന്നലെ രാത്രി മുതൽ പലവൻ പടിപുഴ തീരത്തും റോഡിനോടു ചേർന്നുള്ള വനത്തിലും ചുറ്റിത്തിരിയുകയായിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ട് പുഴയിലൂടെ ഒഴുകി എത്തിയതന്നാണ് നിഗമനം. വൈകിട്ടോടെ വനപാലകർ പിടികൂടി താത്കാലിക ബാരിക്കേഡ് കെട്ടി അതിനുള്ളിൽ ആക്കി. പഴവും വെള്ളവും കൊടുത്താണ് കുട്ടി കരിവീരനെ വനപാലകർ മെരുക്കിയെടുത്തത്. രാത്രി തള്ളയാന വന്നു കുട്ടിക്കൊമ്പനെ കൊണ്ടു പോകുമോ എന്ന് നിരീക്ഷിക്കുമെന്ന് വനപാലകർ അറിയിച്ചു.