Asianet News MalayalamAsianet News Malayalam

ഐസ്ആർഒയിലും പിൻവാതിൽ നിയമനം ? കെ ശിവൻ്റെ മകനായി ചട്ടങ്ങൾ അട്ടിമറിച്ചെന്ന് പരാതി

എൽപിഎസ്‍സി ഡയറക്ടർ വി നാരായണൻ സിദ്ധാർത്ഥന് ജോലി നൽകുന്നതിനായി ഗൂഡാലോചന നടത്തിയെന്നും സ്വജനപക്ഷപാതത്തോടെ നീക്കം നടത്തിയെന്നുമാണ് പരാതി. കെ ശിവൻ ഇസ്രൊ ചെയ‍മാൻ സ്ഥാനത്ത് നിന്ന് ഒഴിയുന്നതിന് മുമ്പായി സിദ്ധാർത്ഥന്റെ നിയമനം നടത്താൻ നാരായണൻ തിടുക്കം കാട്ടിയെന്നും പരാതിയിൽ പറയുന്നു.

back door appointment allegation in isro k sivan son shown favoritism
Author
Bengaluru, First Published Feb 13, 2021, 11:12 AM IST

ബെംഗളൂരു: ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവന്റെ മകന് എൽപിഎസ്‍സിയിൽ ജോലി നൽകിയതിൽ ക്രമക്കേടെന്ന് പരാതി. കഴിഞ്ഞ മാസം 25നാണ് കെ ശിവന്റെ മകൻ സിദ്ധാർത്ഥന് തിരുവനന്തപുരം വലിയ മലയിലെ ഐസ്ആർഒ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിൽ ജോലി നൽകിയത്. നിയമനം ചട്ടങ്ങൾ പാലിക്കാതെയാണെന്നുള്ള പരാതിയിൽ സെൻട്രൽ വിജിലൻസ് കമ്മീഷൻ ഫയലിൽ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർ‍ട്ട് ചെയ്യുന്നു. 

എൽപിഎസ്‍സി ഡയറക്ടർ വി നാരായണൻ സിദ്ധാർത്ഥന് ജോലി നൽകുന്നതിനായി ഗൂഡാലോചന നടത്തിയെന്നും സ്വജനപക്ഷപാതത്തോടെ നീക്കം നടത്തിയെന്നുമാണ് പരാതി. കെ ശിവൻ ഇസ്രൊ ചെയ‍മാൻ സ്ഥാനത്ത് നിന്ന് ഒഴിയുന്നതിന് മുമ്പായി സിദ്ധാർത്ഥന്റെ നിയമനം നടത്താൻ നാരായണൻ തിടുക്കം കാട്ടിയെന്നും പരാതിയിൽ പറയുന്നു. ജനവരി 14നായിരുന്നു ഇസ്രൊ ചെയർമാൻ സ്ഥാനത്ത് കെ ശിവന്റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത് എന്നാൽ ഇത് പിന്നീട് കേന്ദ്ര സർക്കാർ ഒരു വ‌‌ർഷത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. ഇസ്രൊ ചെയർമാൻ മാറുകയാണെങ്കിൽ തനിക്കും വിഎസ്എസ്‍സിയിലേക്ക് മാറ്റമുണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ് എൽപിഎസ്‍സിയിലെ നിയമനം വേഗത്തിലാക്കാൻ നാരായണൻ ശ്രമിച്ചതെന്നാണ് ആരോപണം. 

എന്നാൽ നിയമനം നടപടിക്രമങ്ങൾ പാലിച്ചാണെന്ന് കെ ശിവന്റെ ഓഫീസ് അറിയിച്ചു. ഒക്ടോബറിലാണ് സയൻ്റിസ്റ്റ് എഞ്ചിനിയർ എസ്‍സി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചതെന്നും ഒക്ടോബർ 27 മുതൽ നവംബർ 9 വരെ എൽപിഎസ്‍സി വെബ്സൈറ്റിൽ അപേക്ഷ പോർട്ടൽ ലഭ്യമായിരുന്നുവെന്നുമാണ് വിശദീകരണം. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനിയറിംഗ് ബിടെക്കും, വെരി ലാർജ് സ്കെയിൽ ഇൻ്റഗ്രേഷനിൽ എംടെക്കും ഉള്ളവർക്കായിരുന്നു തസ്തികയിലേക്ക് അപേക്ഷിക്കാൻ ആകുമായിരുന്നത്. എംടെക്കുകാരനായ സിദ്ധാർത്ഥിന്റെ അപേക്ഷ എല്ലാ ചട്ടങ്ങളും പാലിച്ചാണ് പരിഗണിച്ചതെന്നും മെറിറ്റ് ലിസ്റ്റിൽ രണ്ടാം റാങ്കുകാരനായിരുന്നു സിദ്ധാർത്ഥമെന്നുമാണ് വിശദീകരണം.

എന്നാൽ ഈ തസ്തിക സൃഷ്ടിച്ചത് തന്നെ ശിവൻ്റെ മകന് വേണ്ടിയായിരുന്നുവെന്നാണ് പരാതി. വിഷയത്തിൽ നേരിട്ട് പ്രതികരിക്കാൻ ഡോ ശിവൻ വിസമ്മതിച്ചു. 

Follow Us:
Download App:
  • android
  • ios