തൃശൂര്‍: പരിസ്ഥിതി പ്രവർത്തകൻ ബൈജു കെ വാസുദേവൻ അന്തരിച്ചു. ഇന്നലെ രാത്രി അതിരപ്പിള്ളി വന മേഖലയിൽ വച്ചായിരുന്നു മരണം. മരത്തിൽ നിന്ന് വീണാണ് മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനമെന്ന് അതിരപ്പിള്ളി പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അച്ഛൻ മരിച്ച വേഴാമ്പൽ കുഞ്ഞിന് പോറ്റച്ഛനായ ബൈജു അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. അപകടത്തില്‍ മരിച്ച ആണ്‍വേഴാമ്പലിന്‍റെ ഇണയ്‌ക്കും കുഞ്ഞിനും ദിവസവും ഭക്ഷണമെത്തിച്ച പോറ്റച്ഛനായിരുന്നു അതിരപ്പിള്ളിയിലെ പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബൈജു കെ വാസുദേവന്‍. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ സംഭവം.

ആ സ്‌നേഹത്തിന്‍റെ കഥ ഇങ്ങനെ…

ഒരു ബുധനാഴ്ച ദിവസം തന്‍റെ പതിവ് നിരീക്ഷണങ്ങള്‍ക്കിടയിലാണ് റോഡരുകില്‍ ഒരു ആണ്‍വേഴാമ്പല്‍ മരിച്ച് കിടക്കുന്നത് ബൈജുവിന്‍റെ ശ്രദ്ധയില്‍ പെടുന്നത്.  രണ്ടു ദിവസമെങ്കിലുമായിട്ടുണ്ടാകും. ചിറകടിക്കാതെ താഴ്ന്നു പറന്നപ്പോള്‍ പാഞ്ഞു പോയ ഏതെങ്കിലും വാഹനം തട്ടിയാവാം വേഴാമ്പലിന് ജീവൻ നഷ്ടമായതെന്ന് എന്ന് ബൈജു ഊഹിച്ചു. ആണ്‍വേഴാമ്പലിന്‍റെ കൊക്ക് നിറയെ  ഇണക്കും കുഞ്ഞിനുമായി കരുതിയ പഴങ്ങളുണ്ടായിരുന്നു. 

വേഴാമ്പലുകളുടെ ജീവിതക്രമം അറിയാവുന്നവര്‍ക്കറിയാം,  തീറ്റതേടിപ്പോയ ആണിനു ആപത്തുണ്ടായാല്‍ കൂട്ടിലെ ഇണയും കുഞ്ഞും ഭക്ഷണം കിട്ടാതെ വിശന്ന് വിശന്ന് അതിന്‍റെ വിധിക്ക്‌ കീഴ്പ്പെടുമെന്ന്. വേഗം തന്നെ കിളിയുടെ കൂടന്വേഷിച്ച്‌ ബൈജു കാടുകയറി. വനപാലകരും ബൈജുവിന്റെ സുഹൃത്തും പക്ഷിനിരീക്ഷകനുമായ സുധീഷ്‌ തട്ടേക്കാടും ഒപ്പം ചേര്‍ന്നു. താഴ്ന്നു പറന്ന വേഴാമ്പലിന്റെ കൂട്‌ ആ പരിസരത്തുതന്നെയാകുമെന്ന സുധീഷിന്റെ അനുഭവസമ്പത്തായിരുന്നു അന്വേഷണത്തിനു സഹായകരമായത്. 

രണ്ട് ദിവസത്തെ തിരച്ചിലിന് ഒടുവില്‍ അവര്‍ കണ്ടെത്തി ആ കൂട്, 25 - 30 അടി ഉയരമുള്ള മരത്തില്‍. അവിടെ ദിവസങ്ങളോളം ഭക്ഷണത്തിനായി പോയ ഭര്‍ത്താവിനെ അച്ഛനെ കാണാതെ കരഞ്ഞ് തളര്‍ന്നൊരു വേഴാമ്പല്‍ കുടുംബത്തെയും. നന്നേ ചെറുതായ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാമായിരുന്നു. ഇതുകേട്ട വനത്തിലെ മുതിര്‍ന്ന വേഴാമ്പലുകള്‍ കൂടിനോടടുക്കുന്നുമുണ്ടായിരുന്നു. ഇവ ആ കുഞ്ഞിനും അമ്മയ്‌ക്കും ഭക്ഷണം എത്തിച്ചേക്കാം എന്ന ധാരണയില്‍ അവര്‍ നിരീക്ഷിച്ചു. 

എന്നാല്‍ ഇളംകുഞ്ഞുങ്ങളുമായി അതേ മരത്തില്‍ കൂടു കൂട്ടിയിരുന്ന മൈനകള്‍ ശത്രുക്കളെന്ന് കണ്ട്, ആ വന്ന വേഴാമ്പലുകളെയെല്ലാം ആക്രമിച്ച് പറത്തുകയായിരുന്നു. ഒടുവില്‍ വലിയൊരു മുളയേണി വെട്ടികൊണ്ടുവന്ന് മരത്തില്‍ക്കയറി ഇരുപത്തിയഞ്ചടിയോളം ഉയരത്തിലുള്ള കൂടിന്റെ കവാടത്തിലേക്ക്‌ ആഞ്ഞിലിപ്പഴങ്ങളും അത്തിപ്പഴങ്ങളും ബൈജു നല്‍കി. കിട്ടിയപാടെ ആ ഇത്തിരിക്കുഞ്ഞിന് അമ്മക്കിളി അത്‌ കൈമാറുകയും ചെയ്തു. നാല് ദിവസമെങ്കിലും നീണ്ട പട്ടിണിക്കൊടുവില്‍ വയര്‍ നിറയെ ഭക്ഷണം കഴിച്ചു ആ കുഞ്ഞ്‌ വേഴാമ്പല്‍...