ജാമ്യ ഉത്തരവിന്‍റെ പകര്‍പ്പ് ഇറങ്ങിയശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ കന്യാസ്ത്രീകളെ ജയിൽ മോചിതരാക്കാനാകും

റായ്പുര്‍: ഒമ്പതുദിവസത്തെ ജയിൽ വാസത്തിനുശേഷം ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിന് പിന്നാലെ കോടതിക്ക് മുന്നിൽ വൈകാരിക രംഗങ്ങള്‍. റായ്പുരിലുള്ള കന്യാസ്ത്രീയുടെ സഹോദരനടക്കമുള്ളവര്‍ക്ക് കണ്ണീരടക്കനായായില്ല. 

കോടതിക്ക് മുന്നിൽ ഉത്തരവിനായി കാത്തുനിന്നിരുന്ന റായ്പുര്‍ രൂപതയിലെ വൈദികരടക്കമുള്ളവര്‍ കന്യാസ്ത്രീയുടെ സഹോദരനെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. ജാമ്യം ലഭിച്ചതിൽ ആശ്വാസമുണ്ടെന്നാണ് കുടുംബാംഗങ്ങളുടെ പ്രതികരണം.

ജാമ്യ ഉത്തരവ് പറയുന്ന ബിലാസ്പുരിലെ എന്‍ഐഎ കോടതിക്ക് മുന്നിൽ കേരളത്തിൽ നിന്നുള്ള എംപിമാരും ബിജെപി പ്രതിനിധികളടക്കമുള്ളവരും എത്തിയിരുന്നു. അനൂപ് ആന്‍റണി, ഷോണ്‍ ജോര്‍ജ് അടക്കമുള്ളവരും കോടതിക്ക് മുന്നിലെത്തിയിരുന്നു. ജാമ്യ അനുവദിച്ചുള്ള വിധി വന്നതോടെ കെട്ടിപിടിച്ചുകൊണ്ടാണ് സന്തോഷവും ആശ്വാസവും പങ്കുവെച്ചത്. ഉപാധികളോടെയാണ് കന്യാസ്ത്രീകള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടുപോകരുത്, പാസ്പോര്‍ടട് സറണ്ടര്‍ ചെയ്യണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. 50000 രൂപയുടെ ബോണ്ടും കെട്ടിവെക്കണം.

ഇതിനപുറമെ രണ്ട് ആള്‍ ജാമ്യവും നൽകണം. റായ്പുര്‍ രൂപതയുടെ ഭാഗമായ വൈദികരടക്കം കോടതി പരിസരത്ത് എത്തിയിരുന്നു. ഇവര്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യക്കാരാകും. ജാമ്യ ഉത്തരവിന്‍റെ പകര്‍പ്പ് ഇറങ്ങിയശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ കന്യാസ്ത്രീകളെ ജയിൽ മോചിതരാക്കാനാകുമെന്നാണ് പ്രതീക്ഷ. 

ഛത്തീസ്ഗഡ് വിട്ടുപോകരുതെന്നതടക്കമുള്ള കടുത്ത വ്യവസ്ഥകള്‍ ജാമ്യ ഉത്തരവില്‍ ഇല്ലാത്തത് ആശ്വാസമാണെന്നും അവര്‍ക്ക് കേരളത്തിലേക്ക് അടക്കം വരുന്നതിൽ തടസമുണ്ടാകില്ലെന്നും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. ഇന്ത്യയ്ക്ക് പുറത്ത് പോകരുതെന്ന ഉപാധി മാത്രമാണുള്ളതെന്നും പൊലീസ് സ്റ്റേഷനിൽ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടെന്നും കന്യാസ്ത്രീകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഉത്തരവിന്‍റെ പകര്‍പ്പുമായി ദുര്‍ഗ് ജയിലിലേക്ക് പോകുമെന്നും വൈകിട്ടോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകൻ പറഞ്ഞു.

YouTube video player