തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിൻ്റെ മരണത്തിൽ സുഹൃത്ത് കലാഭവൻ സോബി പറയുന്നത് കള്ളമെന്ന് നുണ പരിശോധന റിപ്പോർട്ട്. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന് പറഞ്ഞ സോബിയുടെ മൊഴിയാണ് കളവാണെന്നാണ്  നുണ പരിശോധന റിപ്പോർട്ടില്‍ പറയുന്നത്. സോബി പറഞ്ഞ റൂബിൻ തോമസിനെ സിബിഐ കണ്ടെത്തി. ബാലഭാസ്ക്കർ മരിക്കുമ്പോൾ റൂബിൻ ബംഗളൂരിലായിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കള്ളക്കടത്ത് സംഘത്തിന് അപകടവുമായി ബന്ധമുണ്ടോയെന്ന പരിശോധന തുടരുന്നുവെന്നും സിബിഐ അറിയിച്ചു.

അപകടം ഉണ്ടാകുന്നതിന് മുൻപ് അജ്ഞാതര്‍ ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാറിൻറെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം നുണ പരിശോധന നടത്തിയത്. ചെന്നൈയിലെയും ദില്ലിയിലെയും ഫൊറൻസിക് ലാബുകളിൽ നിന്നുമെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് സോബിയുടെ നുണപരിശോധന പരിശോധന നടന്നത്.