Asianet News MalayalamAsianet News Malayalam

ബാലഭാസ്കറിന്‍റെ മരണം: കേസ് പുതിയ തലത്തിലേക്ക്, മരണത്തിന് തൊട്ടുമുമ്പെടുത്ത ഇൻഷുറൻസ് പോളിസിയിൽ അന്വേഷണം

വിഷയത്തിൽ ചികിത്സ നടന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരയും, എൽഐഎസി മാനേജർ, ഇൻഷുറൻസ് ഡെവലപ്പ്മെന്റ് ഓഫീസർ എന്നിവരെയും ചോദ്യം ചെയ്തു. വിഷ്ണു സോമസുന്ദരത്തിന്റെ ഫോൺ നമ്പരും ഇമെയിൽ വിലാസവുമാണ് പോളിസിയിൽ ചേർത്തിരിക്കുന്നത്. 

balabhaskar death cbi now enquiring about insurance policy taken 8 months prior to death
Author
Trivandrum, First Published Dec 5, 2020, 12:13 PM IST

തിരുവനന്തപുരം: ബാലഭാസ്ക്കറിന്‍റെ മരണത്തിൽ അന്വേഷണം പുതിയ തലത്തിലേക്ക്. മരണത്തിന് എട്ട് മാസം മുമ്പ് ബാലഭാസ്കറിൻ്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെ കുറിച്ച് സിബിഐ അന്വേഷിക്കുന്നു. പോളിസിയിൽ ചേർത്തിരിക്കുന്നത് ബാലഭാസ്കറിന്റെ മുൻ മാനേജറും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്പരും ഇമെയിലുമാണ്. 

വിഷയത്തിൽ എൽഐസി മാനേജർ, ഇന്‍ഷ്വുറന്‍സ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയാണ് പോളിസിയുടെ നോമിനി. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചുവെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം. ബാലഭാസ്കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെയും സിബിഐ ചോദ്യം ചെയ്തു

ബാലഭാസ്ക്കർ നേരിട്ടെത്തിയാണ് രേഖകള്‍ ഒപ്പിട്ടതെന്നും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മാനേജർ എന്ന നിലയിൽ ബാലാഭാസ്ക്കറാണ് വിഷണുവിൻറെ ഫോണ്‍ നമ്പറും ഇ മെയിൽ അഡ്രസും നൽകിയതെന്നും ഉദ്യോഗസ്ഥർ മൊഴി നൽകി. ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരിക്കുന്നതിനാൽ ഇൻഷുറസ് തുകയായ 93 ലക്ഷം രൂപ എൽഐസി ഇതുവരെ ആർക്കും കൈമാറിയിട്ടില്ല. 

അതേ സമയം അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ അജിയുടെ മൊഴിയും രേഖപ്പെടുത്തി. വാഹനമോടിച്ചത് ആരാണെന്ന് സംശയമുയർന്നത് അജിയുടെ മൊഴിയോടെയാണ്. പച്ച ഷർട്ട് ധരിച്ചയാളാണ് ഡ്രൈവറുടെ സീറ്റിലുണ്ടായിരുന്നതെന്നാണ് അജിയുടെ മൊഴി. അപകടം നടക്കുമ്പോൾ പച്ച് ഷർട്ട് ധരിച്ചിരുന്നത് ഡ്രൈവർ അർജ്ജുനാണ്. 

Follow Us:
Download App:
  • android
  • ios