Asianet News MalayalamAsianet News Malayalam

ബാലഭാസ്കറിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ മുഖ്യമന്ത്രിയെ കണ്ടു

ബാലഭാസ്കറിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസിൽ സർക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം കോടതിയിൽ പോകുന്നത് ആലോചിക്കുമെന്നും ഉണ്ണി പറഞ്ഞു. 

Balabhaskar father met the chief minister demanding CBI probe in case
Author
Thiruvananthapuram, First Published Aug 27, 2019, 5:31 PM IST

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‍കറിന്‍റേയും മകളുടേയും മരണത്തിന് കാരണമായ വാഹനാപകടത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛൻ കെസി ഉണ്ണി മുഖ്യമന്ത്രിയെ കണ്ടു. സർക്കാരിൽ വിശ്വാസം ഉണ്ടെന്നും കേസിൽ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നതായും കെസി ഉണ്ണി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കി.

ബാലഭാസ്കറിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസിൽ സർക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം കോടതിയിൽ പോകുന്നത് ആലോചിക്കുമെന്നും ഉണ്ണി പറഞ്ഞു. അമിത വേഗതയിലോടിയ കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ  വാഹനാപകടം മാത്രമാണ് ബാലഭാസ്ക്കറിന്റേതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നി​ഗമനം.

അതേസമയം, വാഹനാപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ശാസ്ത്രീയമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. അപകടമുണ്ടായതിന് പിന്നാലെ വാഹനമോടിച്ചത് ബാലഭാസ്കർ ആയിരുന്നുവെന്നാണ് അർജുൻ പൊലീസിൽ പറഞ്ഞത്.

അപകടത്തിന് ശേഷം കാറോടിച്ചത് ബാലഭാസ്‍കറാണെന്ന് ഡ്രൈവറായ അര്‍ജുനും ബാലഭാസ്‍കര്‍ പിറകിലെ സീറ്റിലായിരുന്നുവെന്ന് ഭാര്യയായ ലക്ഷമിയും പൊലീസിന് മൊഴി നല്‍കിയതോടെയാണ് അപകടത്തില്‍ ദുരൂഹത ശക്തമായത്.പൊലീസിനും ക്രൈംബ്രാഞ്ചിനും ഇതേ മൊഴി തന്നെ ഇരുവരും നല്‍കിയതോടെ സാക്ഷി മൊഴികളും ശാസ്ത്രീയമായ തെളിവുകളും വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും തേടിയ ക്രൈംബ്രാഞ്ച് ഒടുവില്‍ അര്‍ജുന്‍റെ മൊഴി കള്ളമാണെന്ന് കണ്ടെത്തുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios