തിരുവനന്തപുരം: സം​ഗീതജ്ഞൻ ബാലഭാസ്കര്‍ ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം. വാഹനാപകടം എന്ന നിലയിൽ നിന്ന് രാജ്യാന്തര മാനങ്ങളുള്ള സ്വർണ്ണക്കടത്ത് ശൃംഖലയുമായി ചേർത്തുവച്ചാണ് രണ്ടു വർഷത്തിനിപ്പുറം ബാലഭാസ്കറിന്റെ മരണത്തെ കേരളം നോക്കിക്കാണുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചെങ്കിലും മരണത്തിലെ ദുരൂഹത ഇന്നും ബാക്കിയാണ്. അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ, ബാലഭാസ്കറിന്‍റെ മരണത്തിലെ ദുരൂഹത, മറനീക്കി പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

2018 സെപ്റ്റംബര്‍ 25ന് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കഴക്കൂട്ടത്തിനു  സമീപം പള്ളിപ്പുറത്തു വച്ചാണ് വാഹനാപകടം ഉണ്ടായത്. വാഹനാപകടത്തില്‍ ആദ്യം ബാലുവിന്‍റെ പിഞ്ചുമകള്‍ തേജസ്വിനി മരിച്ചു. ദിവസങ്ങള്‍ക്കപ്പുറം ഒക്ടോബര്‍ രണ്ടിന് ബാലുവും പോയി. വാഹനത്തിലുണ്ടായിരുന്ന ബാലുവിന്‍റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെട്ടു. 

കേസ് ലോക്കല്‍ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ബാലുവിന്‍റെ ഉറ്റസുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന വിഷ്ണു സോമസുന്ദരത്തെയും,പ്രകാശന്‍ തമ്പിയെയും സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ പിടികൂടിയത്. ഇതോടെ ബാലുവിന്‍റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്തു സംഘം ഉണ്ടെന്ന സംശയം ബലപ്പെട്ടു. ബന്ധുക്കള്‍ ദുരൂഹത സംശയിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. അപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയായിരുന്നെന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെ ക്രൈംബ്രാഞ്ച് ഉറപ്പിച്ചു. അര്‍ജുനെതിരെ കേസും എടുത്തു. എന്നാല്‍ അപകടത്തിനു പിന്നില്‍ മറ്റു ദുരൂഹതകള്‍ ഇല്ലെന്ന കണ്ടെത്തലാണ് ക്രൈംബ്രാഞ്ചും നടത്തിയത്. 

ഇതിനിടെ, അപകടത്തിനു മുമ്പ് ബാലുവിനെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബിയെത്തി. ക്രൈംബ്രാഞ്ച് പക്ഷേ സോബിയുടെ മൊഴിയില്‍ കഴമ്പില്ലെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിച്ചു. തുടര്‍ന്നും അച്ഛനടക്കമുളള ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് കേസ് സിബിഐയിലേക്കു പോയത്. എന്നാൽ, നാളിതുവരെയുളള സിബിഐ അന്വേഷണത്തിലേക്കും ബാലുവിന്‍റെ മരണത്തിനു കാരണമായ അപകടത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്താന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല. സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്ക് മരണവുമായി ബന്ധമുണ്ടെന്ന സംശയങ്ങള്‍ സാധൂകരിക്കാന്‍ പോന്ന തെളിവുകളും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വിഷ്ണു സോമസുന്ദരവും,പ്രകാശന്‍ തമ്പിയും,കലാഭവന്‍ സോബിയും ഉള്‍പ്പെടെയുളളവരുടെ നുണപരിശോധനയിലേക്ക് സിബിഐ കടന്നത്. നുണ പരിശോധനാ ഫലം പുറത്തുവരുന്നതോടെ ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ബാലുവിന്‍റെ പ്രിയപ്പെട്ടവരെല്ലാം.