നടി കേസിലെ തുടരന്വേഷണത്തിൽ ക്രൈംബ്രാ‌ഞ്ച് മേധാവി എസ് ശ്രീജിത്തിന്‍റെ നേതൃത്തിലാണ് തുടർച്ചയായ രണ്ടാം ദിവസവും ദിലീപിനെ ചോദ്യം ചെയ്യുന്നത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ദിലീപിനെ ചോദ്യം ചെയ്യുന്നു. ബാലചന്ദ്രകുമാറിനെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി. വ്യവസായി ശരത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ തന്‍റെ കൈവശമില്ലെന്ന് ദിലീപ് ആവർത്തിക്കുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ദൃശ്യത്തിന്റെ വിശദാംശങ്ങൾ തേടി തന്നെയാണ് ചോദ്യം ചെയ്യൽ.

Add Asianetnews as a Preferred SourcegooglePreferred

നടി കേസിലെ തുടരന്വേഷണത്തിൽ ക്രൈംബ്രാ‌ഞ്ച് മേധാവി എസ് ശ്രീജിത്തിന്‍റെ നേതൃത്തിലാണ് തുടർച്ചയായ രണ്ടാം ദിവസവും ദിലീപിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ ദിലീപിനെ 7 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. 

എന്നാൽ ഈ ദൃശ്യം തന്‍റെ പക്കലില്ലെന്നും മൊഴിയെക്കുറിച്ച് അറിയില്ലെന്നും ദിലീപ് മറുപടി നൽകുന്നു. ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഒരു വിഐപിയാണ് ദൃശ്യങ്ങൾ ദിലീപിന് വീട്ടിലെത്തിച്ച് നൽകിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ഈ വിഐപി വ്യവസായി ശരത്താണെന്ന നിഗമനത്തലാണ് ക്രൈംബ്രാഞ്ച്. 

കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ശരത്തിനെ ചോദ്യം ചെയ്യുന്നത്. എന്നാൽ വധ ഗൂഡാലോചന കേസിലാണ് ശരത്തിനെ ചോദ്യം ചെയ്യുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ ഔദ്യോഗിക വിശദീകരണം. ഈ കേസിൽ ആറാം പ്രതിയാണ് ശരത്ത്. നടിയെ ആക്രമിച്ച കേസിലെ 20 സാക്ഷികൾ കൂറ് മാറിയ സംഭവത്തിലുള്ള പങ്കിനെക്കുറിച്ചും ദിലീപിനോട് ചോദ്യങ്ങളുണ്ട്. ഹാക്കർ സായ് ശങ്കറിനെ ഉപയോഗിച്ച് ദിലീപ് ഫോണിൽ നിന്ന് മായ്ച്ച വിവരങ്ങളിൽ ചിലത് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ രേഖകൾ വെച്ചും ഇന്നലത്തെ മൊഴി വിലയിരുത്തിയുമുള്ള ചോദ്യം ചെയ്യലും തുടരുകയാണ്.