രാത്രി യാത്രയ്ക്കുള്ള നിരോധനം തുടരും. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞു

ഇടുക്കി: ഇടുക്കിയിൽ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ബോട്ടിംഗ് ഉൾപ്പെടെയുള്ളവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കുകളും നീക്കിയിട്ടുണ്ട്. മഴ കുറഞ്ഞത് കണക്കിലെടുത്താണ് നടപടി. അതേസമയം രാത്രി യാത്രയ്ക്കുള്ള നിരോധനം തുടരും. നേരത്തെ ജില്ലയിൽ മഴ കനത്തതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത്. ഖനന പ്രവർത്തനങ്ങളും തടഞ്ഞിരുന്നു.

ഇതിനിടെ, പെരിയാ‍ര്‍ തീരത്ത് ആശ്വസമായി ഇടുക്കി, മുല്ലപ്പെരിയാ‍ര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു. രണ്ട് ഡാമുകളിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിൽ ഏഴു ഷട്ടറുകളും ഇടുക്കിയിൽ രണ്ടു ഷട്ടറുകളും അടച്ചു. 2386.90 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാ‍ർ ജലനിരപ്പ് 138.60 അടിയായി.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഇടുക്കിയിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിൻറെ അളവ് സെക്കൻറിൽ മൂന്നര ലക്ഷം ലിറ്ററാക്കി ഉയ‍ത്തിയിരുന്നു. എന്നാൽ മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളത്തിന്റെ അളവ് കുറയ്ക്കുകയും വൃഷ്ടി പ്രദേശത്ത് മഴ കുറയുകയും ചെയ്തതോടെ രാവിലെ മുതൽ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. ഒൻപതരയോടെ അഞ്ചു ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു. അതേസമയം പെരിയാറിൽ ജലനിരപ്പ് കുറഞ്ഞിട്ടും തടിയമ്പാട് ചപ്പാത്തിലൂടെയുള്ള വെള്ളമൊഴുക്ക് നിലച്ചിട്ടില്ല. അതിനാൽ വാഹനങ്ങൾ കടത്തി വിടുന്നില്ല. ജലനിരപ്പ് റൂൾ കർവിലേക്ക് എത്തിയാൽ മുഴുവൻ ഷട്ടറുകളും അടച്ചേക്കും. വീടുകളിൽ നിന്ന് വെള്ളമിറങ്ങിയതോടെ വണ്ടിപ്പെരിയാ‍ർ പഞ്ചായത്തിലെ ക്യാമ്പുകളിലുണ്ടായിരുന്നവ‍ർ തിരികെയെത്തി. 

ത്രിവര്‍ണ്ണമായി ഇടുക്കി ചെറുതോണി ഡാം; വര്‍ണ്ണകാഴ്ച

സ്വാതന്ത്ര്യത്തിന്‍റെ 75 വാര്‍ഷികത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിൽ ഒരുക്കി ഹൈഡൽ ടൂറിസം വകുപ്പ് ത്രിവർണ ദൃശ്യവിരുന്നൊരുക്കി. തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്കാണ് ലൈറ്റ് പതിപ്പിച്ചാണിത് സൃഷ്ടിച്ചത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.