ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും സംസ്ഥാനത്ത് നിരോധിക്കുകയാണ്. പരിസ്ഥിതിയുടെ സന്തുലനം തകർത്ത് മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും നിലനിൽപ്പുതന്നെ അപകടത്തിലാക്കുകയാണ് അനിയന്ത്രിത പ്ലാസ്റ്റിക് ഉപഭോഗം. പ്ലാസ്റ്റിക് നിരോധന തീരുമാനത്തിൽ നമുക്ക് സർക്കാരിനൊപ്പം കൈകോർക്കാം. ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാർത്താ പരമ്പര തുടങ്ങുന്നു...

പ്ലാസ്റ്റിക് നിരോധനത്തിന് തയ്യാറെടുക്കുന്ന സർക്കാരിന് മുന്നിലെ വെല്ലുവിളി പ്ലാസ്റ്റിക് കവറുകളാണ്. 50 മൈക്രോണിൽ താഴെയുളള കവറുകൾ മൂന്ന് വർഷം മുമ്പ് നിരോധിച്ചെങ്കിലും അവ വിപണിയിൽ ഇപ്പോഴും സുലഭമാണ്. ബോധവൽക്കരണത്തിൽ ഊന്നി നിരോധനത്തിന്‍റെ ആദ്യഘട്ടം നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം പ്ലാസ്റ്റികിനെ പൂർണ്ണമായി ഒഴിവാക്കുന്നതിന്‍റെ ആദ്യഘട്ടമാണ്. കവറുകൾക്ക് പുറമേ, പ്ലാസ്റ്റിക് പാത്രങ്ങൾക്കും കുപ്പികൾക്കുമെല്ലാം നിരോധനമുണ്ട്. ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾക്കും, സംസ്കരിക്കാവുന്ന പ്ലാസ്റ്റികിനും ഇളവുണ്ട്. എന്നാൽ കവറുകൾ ഉപഭോക്താക്കളിൽ നിന്ന് തിരിച്ചു ശേഖരിക്കാൻ കമ്പനികള്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ.