ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർ കറുത്ത മാസ്കോ  ഷാളുകളോ  ധരിക്കരുതെന്ന് സംഘാടക സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോഴിക്കോട്: ലത്തീന്‍ കത്തോലിക്ക സഭയുടെ കോഴിക്കോട് രൂപതയുടെ ശതാബ്ദി ചടങ്ങിലും കറുത്ത മാസ്കിനും വസ്ത്രങ്ങൾക്കും വിലക്ക്. ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർ കറുത്ത മാസ്കോ ഷാളുകളോ ധരിക്കരുതെന്ന് സംഘാടക സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊലീസ് നിർദ്ദേശ പ്രകാരമാണ് ഇതെന്ന് അധികൃതർ പറഞ്ഞു. കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷത്തില്‍ വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പങ്കെടുക്കും.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ടും കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 11 ‍ഡിവൈഎസ്പി മാരും 30 എസ്ഐമാരും സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കും. രാമനാട്ടുകര മുതൽ മാഹി വരെ പൊലീസിനെ വിന്യസിക്കും. ഉച്ചമുതൽ വേദികളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കും. പരിപാടികൾക്ക് 1 മണിക്കൂർ മുമ്പേ എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കു.

മാധ്യമ പ്രവർത്തകർക്കുൾപ്പെടെ ഈ നിയന്ത്രണം ബാധകമെന്ന് പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് 3.30ന് ട്രൈപ്പന്‍റ ഹോട്ടലിൽ നടക്കുന്ന പുസ്തക പ്രകാശനമാണ് മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യപരിപാടി. തുടർന്ന് നാലുമണിക്ക് ജില്ല സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം, 5.30ന് കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷം എന്നീ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.