വീണ്ടും വൻ ഹിറ്റായി കെ-റെയിൽ വിരുദ്ധ വാഴക്കുല ലേലം: കോട്ടയത്ത് കിട്ടിയത് അരലക്ഷത്തോളം രൂപ
കെ-റെയില്‍ വഴിയില്‍ കുലച്ച വാഴക്കുല ലേലം വിളിയറിഞ്ഞ് ആളു കൂടി. ആയിരത്തില്‍ തുടങ്ങിയ ലേലം വിളി പിന്നീട് 2000 വും 10000 വും കടന്ന് മുന്നേറി

കോട്ടയം: കെ റെയില്‍ വിരുദ്ധ സമര സമിതിയുടെ വാഴക്കുല ലേലം പ്രതിഷേധത്തിന് കോട്ടയം മാടപ്പളളിയിലും മികച്ച പ്രതികരണം. പദ്ധതി വന്നാല്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്ന ചെങ്ങന്നൂരിലെ തങ്കമ്മയ്ക്ക് വീട് വച്ചു കൊടുക്കാനുളള പണം ശേഖരിക്കാന്‍ നടക്കുന്ന വാഴക്കുല ലേലങ്ങളില്‍ ആറാമത്തേതാണ് മാടപ്പളളിയില്‍ നടന്നത്. 49100 രൂപയ്ക്കാണ് സമര സമിതി വില്‍പ്പനയ്ക്ക് വച്ച വാഴക്കുല ലേലത്തില്‍ പോയത്.
കെ-റെയില്‍ വഴിയില്‍ കുലച്ച വാഴക്കുല ലേലം വിളിയറിഞ്ഞ് ആളു കൂടി. ആയിരത്തില്‍ തുടങ്ങിയ ലേലം വിളി പിന്നീട് 2000 വും 10000 വും കടന്ന് മുന്നേറി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മയില്‍ പോലും ലേലം വിളിക്കാന്‍ ആളെത്തി. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പരിഹസിച്ചു കൊണ്ടായിരുന്നു മറ്റ് ചിലരുടെ ലേലം വിളി.
നൂറില്‍ തുടങ്ങിയ ലേലം വിളി രണ്ടു മണിക്കൂറിലേറെ നീണ്ടു. ഒടുവിൽ 49100 രൂപയിലാണ് ലേലം ഉറപ്പിച്ചത്. കെറെയില്‍ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചെന്ന പ്രഖ്യാപനം വരുന്നത് വരെ ഇങ്ങനെ പല വഴി പ്രതിഷേധം തുടരുമെന്ന പ്രഖ്യാപനത്തോടെ സമരക്കാര്‍ പിരിഞ്ഞു പോയി.