ബെംഗളൂരു: ബെംഗളൂരുവിൽ മയക്കുമരുന്ന് കേസില്‍ ഒരു മലയാളി കൂടി പിടിയിൽ. മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയായ മലയാളി നിയാസിനെ അറസ്റ്റ് ചെയ്‌തെന്ന് അഡി. കമ്മീഷണർ അറിയിച്ചു. രാഗിണി ദ്വിവേദി അറസ്റ്റിലായ കേസിൽ ആദ്യമായാണ് ഒരു മലയാളിയെ അറസ്റ്റ് ചെയ്യുന്നത്.

അതേസമയം, നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി, കസ്റ്റഡി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. നടി അന്വേഷണത്തോട് സഹരിക്കുന്നില്ലെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. അതിനിടെ, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ചത്. 

കെടി റമീസ് അടക്കം ആറ് പേരെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി. ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനുപ് മുഹമ്മദ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ കെടി റമീസിനെ നിരവധി തവണ വിളിച്ചതായുള്ള ഫോൺ രേഖകൾ അടക്കം പുറത്ത് വന്നിരുന്നു.