ചോദ്യം ചെയ്യലിൽ താൻ ബുദ്ധഭഗവാന്റെ ഭക്തനാണെന്നും ശ്രീലങ്കയിൽ നിന്ന് യൂറോപ്യൻ രാജ്യത്തേക്ക് പോകാൻ പദ്ധതിയിടുകയാണെന്നും ഇയാൾ പറഞ്ഞു.

തിരുവനന്തപുരം: വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ശ്രീലങ്കയിലേക്ക് രക്ഷപ്പെടാൻ കടക്കാൻ ശ്രമിച്ച ബം​ഗ്ലാദേശ് പൗരനെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ച് പിടികൂടി. വെള്ളിയാഴ്ച രാത്രിയാണ് ബം​ഗ്ലാദേശ് പൗരനെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാളുടെ കൈവശം വ്യാജ ആധാർ കാർഡ് ഉണ്ടെന്നും കണ്ടെത്തി. വ്യാജ ആധാർ കാർഡ് ഉപയോ​ഗിച്ച് ബംഗാൾ സ്വദേശിയുടെ സഹായത്തോടെ ഇന്ത്യൻ പാസ്‌പോർട്ട് സ്വന്തമാക്കിയതായും പൊലീസ് കണ്ടെത്തി. സന്തോഷ് റോയിയുടെ പേരിൽ വ്യാജ പാസ്‌പോർട്ടും ആധാർ കാർഡും സൃഷ്ടിച്ചു, വിശദമായ അന്വേഷണത്തിൽ ഇത് വ്യാജ തിരിച്ചറിയൽ രേഖയാണെന്ന് പോലീസ് കണ്ടെത്തി. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിന് സമീപം സതഹ്‌നിയ ബർതുവാര സ്വദേശി ആപ്പിൾ ബറുവ (24) എന്നയാളാണ് ആണ് അറസ്റ്റിലായത്. വ്യാജ രേഖകൾ നിർമിക്കാൻ സഹായിച്ച കൊൽക്കത്ത സെൻട്രൽ ഡിവിഷനിലെ സഞ്ജയ് കുമാറിനെ (40) പൊലീസ് തിരയുകയാണ്. സന്തോഷ് റോയ് എന്ന വ്യാജ പേരിലാണ് ഇയാൾ ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ചത്. 

ഇയാൾ ഇന്ത്യയിൽ താമസിച്ച കാലയളവും ഉദ്ദേശ്യവും പൊലീസ് പരിശോധിക്കും. അന്വേഷണം ഇപ്പോൾ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. പാസ്‌പോർട്ട് ആക്‌ട്-1967, ഫോറിനേഴ്‌സ് ആക്‌ട്-1946, ഐപിസി 465, വ്യാജരേഖ ചമയ്ക്കൽ, 468 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വഞ്ചന, 471 വ്യാജ രേഖയുടെ ഉപയോഗം, 419 ആൾമാറാട്ടം തുടങ്ങിയ വകുപ്പുകളും ചുമത്തി.

ചോദ്യം ചെയ്യലിൽ താൻ ബുദ്ധഭഗവാന്റെ ഭക്തനാണെന്നും ശ്രീലങ്കയിൽ നിന്ന് യൂറോപ്യൻ രാജ്യത്തേക്ക് പോകാൻ പദ്ധതിയിടുകയാണെന്നും ഇയാൾ പറഞ്ഞു. ബംഗ്ലാദേശ് പൗരന്മാർ യൂറോപ്പിലേക്ക് കുടിയേറുന്നതിന് നിയന്ത്രണങ്ങൾ നേരിടുന്നതിനാലാണ് ഇന്ത്യൻ പാസ്‌പോർട്ട് സ്വന്തമാക്കി യൂറോപ്പിലേക്ക് കുടിയേറാൻ ശ്രമിച്ചത്. ഇയാളുടെ മൊഴികൾ പൂർണമായും വിശ്വാസയോഗ്യമല്ലെന്നും ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.