Asianet News MalayalamAsianet News Malayalam

മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ച സംഭവം; അന്വേഷണവുമായി സഹകരിക്കുമെന്ന് ബാങ്ക് അധികൃതര്‍

വായ്പ കുടിശിക പിരിക്കാൻ ബാങ്ക് നിയോഗിച്ച ജീവനക്കാരനും ജോസുമായി വീട്ടിൽ വച്ച് വാക്കു തർക്കം ഉണ്ടാവുകയും ഇതിനിടെ ജോസ് കുഴഞ്ഞുവീഴുകയുമായിരുന്നു.

bank authorities says that they will cooperate with police
Author
Eloor, First Published Jun 27, 2019, 8:36 PM IST

ഏലൂര്‍: ഏലൂരിൽ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അധികൃതര്‍. ഗൃഹനാഥന്‍റെ മരണകാരണം ബാങ്ക് അധികൃതരുടെ സമ്മര്‍ദ്ദം മൂലമെന്ന കുടുംബത്തിന്‍റെ ആരോപണത്തിന് പിന്നാലെയാണ് അന്വേഷണവുമായി സഹകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഇത്തരത്തിൽ ഒരു നിർഭാഗ്യകരമായ സംഭവം ഉണ്ടായതിൽ ദുഃഖം ഉണ്ടെന്നും  ബാങ്ക് അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ ഏഴരയോടെയാണ് പരിസ്ഥിതി പ്രവർത്തകനായ വി ജെ ജോസ് സ്വന്തം വീട്ടില്‍ കുഴഞ്ഞുവീണത്. വായ്പ കുടിശിക പിരിക്കാൻ ബാങ്ക് നിയോഗിച്ച ജീവനക്കാരനും ജോസുമായി വീട്ടിൽ വച്ച് വാക്കു തർക്കം ഉണ്ടാവുകയും ഇതിനിടെ ജോസ് കുഴഞ്ഞുവീഴുകയുമായിരുന്നു. മകൻ ജോയൽ വാങ്ങിയ സ്ക്കൂട്ടറിന്‍റെ രണ്ട് മാസത്തെ തവണയായ 7200 രൂപ മുടങ്ങിയതിനെ തുടർന്ന് പണമടക്കണമെന്ന് ജോയലിനോട് ബാങ്ക് നിയോഗിച്ചയാൾ ആവശ്യപ്പെട്ടിരുന്നു. 

മുപ്പതാം തീയതി വരെ സാവകാശം വേണമെന്ന് ജോയൽ ആവശ്യപ്പെട്ടു. ഇതംഗീകരിക്കാതെ രാവിലെ വീട്ടിലെത്തിയ ബാങ്ക് ജീവനക്കാരൻ  ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബാഗങ്ങൾ പറയുന്നത്. പണം താൻ നൽകാമെന്നും സാവകാശം വേണമെന്നും ജോസ് ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. ഇതോടെ വാക്ക് തർക്കമായി. നെഞ്ചുവേദന അനുഭവപ്പെട്ട ജോസ് കസേരയിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. ഓഗസ്റ്റിൽ മകന്‍റെ വിവാഹം നടക്കാനിരിക്കെയാണ് ജോസിന്‍റെ മരണം. ഇതേത്തുടർന്ന് നാട്ടുകാരും ബന്ധുക്കളും എച്ച്ഡിഎഫ്സി ബാങ്കിന്റെ പാലാരിവട്ടം ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios