കമ്മ്യുണിസ്റ്റ് പാർട്ടി കാരണം ഒരു സംരംഭക കൂടി തെരുവിലേക്ക് ഇറങ്ങിയെന്നും ലോണടയ്ക്കാൻ സാവകാശം നൽകാനായി സർക്കാർ ഇടപെടണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടു.

കോഴിക്കോട്: ഈങ്ങാപ്പുഴയിൽ (Engapuzha) വനിതാ സംരംഭകയുടെ വീടും ഫാക്ടറിയും ജപ്തി ചെയ്ത സംഭവത്തില്‍ ഇടപെട്ട് രാഹുൽ ഗാന്ധി (rahul gandi). രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരം ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺ കുമാറും കോൺഗ്രസ് നേതാക്കളും സ്ഥലത്തെത്തി കുടുംബത്തിന് വേണ്ട സഹായം നല്‍കുമെന്ന് അറിയിച്ചു. കമ്മ്യുണിസ്റ്റ് പാർട്ടി കാരണം ഒരു സംരംഭക കൂടി തെരുവിലേക്ക് ഇറങ്ങിയെന്നും ലോണടയ്ക്കാൻ സാവകാശം നൽകാനായി സർക്കാർ ഇടപെടണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടു. സിപിഎമ്മിന്‍റെ കൊടികുത്തി സമരത്തെത്തുടര്‍ന്ന് വിവാദത്തിലായ കോഴിക്കോട് ഈങ്ങാപ്പുഴയിലെ വനിതാ സംരഭകയുടെ വീടും ഫാക്ടറിയും ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് എസ്‍ബിഐ ബാങ്ക് ജപ്തി ചെയ്തത്.

റബ്ബർ സംസ്കരണ യൂണിറ്റിനായി വീടും പറമ്പും ഇടുവച്ച് 2017 ല്‍ ജൂലി ടോമി ഈങ്ങാപ്പുഴ എസ്‍ബിഐ ശാഖയിൽ നിന്നെടുത്ത 1 കോടി 25 ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് സര്‍ഫാസി നിയമ പ്രകാരമുളള ജപ്തി നടപടി. കോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച വൈകിട്ട് ജപ്തി നടപടി പൂർത്തിയാക്കി. വീടും കിടപ്പാടവും നഷ്ടമായതോടെ നാട്ടുകാര്‍ ഏര്‍പ്പാടാക്കിയ വാടക വീട്ടിലേക്ക് ജൂലിയും കുടുംബവും താമസം മാറ്റി. സംരംഭത്തിന് എതിരെ തുടക്കം മുതൽ സിപിഎം എതിർപ്പ് ഉന്നയിച്ചിരുന്നുവെന്ന് ജൂലിയുടെ ഭര്‍ത്താവ് ടോണി പറഞ്ഞു. സിപിഎമ്മിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് സംരംഭം പൊളിഞ്ഞതെന്നും തിരിച്ചടവിന് ബാങ്ക് സാവകാശം തന്നില്ലെന്നും ജൂലി ടോണി ആരോപിച്ചു.