2024 ജനുവരിയില്‍ വീട് വെക്കുന്നതിനായി വായ്പ ലഭിക്കാനാണ് പരാതിക്കാര്‍ ബാങ്കിനെ സമീപിച്ചത്. വായ്പ അനുവദിക്കണമെങ്കില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സില്‍ നിന്ന് പോളിസി എടുക്കണമെന്ന് ബാങ്ക് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇവര്‍ പോളിസി എടുക്കുകയായിരുന്നു.
മലപ്പുറം: പോളിസി റദ്ദാക്കാന്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിട്ടും വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയ ബാങ്ക് 2,64,909 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. മമ്പാട് സ്വദേശികളായ നൗഷീര്‍, ജസീമ എന്നിവര്‍ നിലമ്പൂര്‍ എസ് ബി ഐക്ക് എതിരെ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍റെ നിര്‍ണായക വിധി.
2024 ജനുവരിയില്‍ വീട് വെക്കുന്നതിനായി വായ്പ ലഭിക്കാനാണ് പരാതിക്കാര്‍ ബാങ്കിനെ സമീപിച്ചത്. വായ്പ അനുവദിക്കണമെങ്കില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സില്‍ നിന്ന് പോളിസി എടുക്കണമെന്ന് ബാങ്ക് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇവര്‍ പോളിസി എടുക്കുകയായിരുന്നു. എന്നാല്‍ പോളിസിയുടെ വ്യവസ്ഥകള്‍ സ്വീകാര്യമല്ലെന്ന് കണ്ട് ഒരാഴ്ചയ്ക്കകം പോളിസി വേണ്ടെന്ന വിവരം ഇവര്‍ ബാങ്കിനെ അറിയിച്ചു. 15 ദിവസത്തിനകം പോളിസി വ്യവസ്ഥകള്‍ സ്വീകാര്യമല്ലെന്ന് അറിയിച്ചാല്‍ മുഴുവന്‍ പ്രീമിയം തുകയും തിരിച്ചു നല്‍കുമെന്ന വ്യവസ്ഥ പ്രകാരമായിരുന്നു ഇത്. എന്നാല്‍ ഈ വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുന്നതില്‍ ബാങ്ക് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പരാതിക്കാര്‍ക്ക് 1,59,909 രൂപ നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
ഇന്‍ഷുറന്‍സ് ഇടപാടില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പോളിസി ഉടമയ്ക്ക് ആവശ്യമായ സേവനം നല്‍കാന്‍ ബാധ്യതയുണ്ടെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ബാങ്ക് വായ്പ സ്വീകരിക്കുന്ന ഉപഭോക്താക്കളെ ഗ്രൂപ്പ് ഇന്‍ഷുറന്‍സിന്റെ ഭാഗമാക്കുമ്പോള്‍ വ്യവസ്ഥകള്‍ പോളിസിയുടമ മനസ്സിലാക്കിയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഷ്ടപ്പെട്ട പോളിസി തുകയായ 1,59,909 രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി 5,000 രൂപയും അടക്കം ആകെ 2,64,909 രൂപ ഒരു മാസത്തിനകം പരാതിക്കാര്‍ക്ക് നല്‍കാന്‍ ഉത്തരവിട്ടത്. തുക നല്‍കാന്‍ വീഴ്ച വരുത്തിയാല്‍ ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിലുണ്ട്.




