സഹകരണ സ്ഥാപനം ആയി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൽ, കോറോ ഹെൽത്തിൽ നിന്ന് ജോലി നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗം ആളുകളും ഭാഗമാകും. ജോലി നഷ്ടപ്പെട്ട് ഇനി എന്ത് എന്ന് ആശങ്കയിൽ കഴിഞ്ഞ മുൻ കോറോ ഹെൽത്ത് ജീവനക്കാർക്ക് പുതിയ സംരംഭം വലിയ പ്രതീക്ഷയാണ്.
കൊച്ചി: മാസങ്ങൾക്ക് മുമ്പ് കോറോ ഹെൽത്ത് എന്ന അമേരിക്കൻ കമ്പനി കേരളത്തിൽ കൂട്ടപ്പിടിച്ചുവിടൽ നടത്തിയത് ഓർമയില്ലേ? ആ 800 ഓളം വരുന്ന യുവതി യുവാക്കൾ പിന്നീട് പുതിയ ജോലികളായി ശ്രമങ്ങൾ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ അങ്ങനെ അങ്ങ് തൊട്ടുകൊടുക്കാൻ അവർ തയ്യാറല്ല. ഐടി - ഹെൽത്ത് കെയർ മേഖലയിൽ ഒരു സഹകരണ സ്ഥാപനം തുടങ്ങാനുള്ള ഒരുക്കത്തിലാണ് അവർ.
കഴിഞ്ഞ ജൂലൈ മൂന്നാം തീയതിയാണ് അമേരിക്കൻ മെഡിക്കൽ കോഡിങ് സ്ഥാപനമായ കോറോ ഹെൽത്ത് കേരളത്തിലെ പ്രവർത്തനം അവസാനിപ്പിച്ച് ജീവനക്കാരെ പിരിച്ചുവിടുന്നത്. മുന്നറിയിപ്പില്ലാതെ 800 ഓളം ജീവനക്കാർ തൊഴിൽരഹിതരായി. ഒന്നരമാസത്തെ കൊമ്പൻസേഷൻ നൽകി തടി തപ്പാൻ ശ്രമിച്ച സ്ഥാപനം, തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തിനും സർക്കാർ മാധ്യമ സമ്മർദ്ദത്തിനും ഒടുവിൽ ഏഴുമാസത്തെ കോമ്പൻസേഷൻ നൽകാൻ നിർബന്ധിതരാക്കി. കോമ്പൻസേഷൻ ലഭിച്ചെങ്കിലും പുതിയ ജോലി കണ്ടെത്തുക എന്നത് അസാധ്യമായി. ഇതോടെയാണ് സ്വന്തമായി ഒരു സ്ഥാപനം എന്ന ആശയത്തിലേക്ക് മുൻ കോറോ ഹെൽത്ത് ജീവനക്കാർ എത്തിയത്.
സഹകരണ സ്ഥാപനം ആയി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൽ, കോറോ ഹെൽത്തിൽ നിന്ന് ജോലി നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗം ആളുകളും ഭാഗമാകും. ജോലി നഷ്ടപ്പെട്ട് ഇനി എന്ത് എന്ന് ആശങ്കയിൽ കഴിഞ്ഞ മുൻ കോറോ ഹെൽത്ത് ജീവനക്കാർക്ക് പുതിയ സംരംഭം വലിയ പ്രതീക്ഷയാണ്. നിർദിഷ്ഠിത ഹെൽക് കെയർ ഐടി ആൻഡ് റവന്യൂ സൈക്കിൾ കോപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൻറെ ഡോക്യുമെന്റേഷൻ നടപടികൾ പൂർത്തിയാവുകയാണ്. കൊച്ചി ആസ്ഥാനമായ യുണൈറ്റഡ് അഡ്വാൻറ്റേജ് കൺസൾട്ടിംഗ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻറെ പിന്തുണയിലാണ് പ്രവർത്തനം.





