Asianet News MalayalamAsianet News Malayalam

വ്യാജരേഖയുണ്ടാക്കി പണം തട്ടി, വീട് ജപ്തി ഭീഷണിയിൽ, റെജി മലയിലിനെതിരെ കൂടുതൽ പരാതി; ബാങ്ക് ജീവനക്കാർക്ക് പങ്ക്?

തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ ഹൃദയാഘാതം വന്നുമരിച്ച കുറുമശേരി സ്വദേശി പ്രകാശന്‍റെ ബന്ധുക്കളും റെജിക്കെതിരെ പരാതിയുമായി രംഗത്തെത്തി. 

 

bank money fraud more complaints against reji malayil
Author
Kerala, First Published Oct 15, 2021, 12:11 PM IST

കൊച്ചി: വ്യാജ രേഖ സമര്‍പ്പിച്ച ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ  തൃപ്പുണിത്തറ സ്വദേശി റെജി മലയിലിനെതിരെ പരാതികളുമായി കൂടുതല്‍ പേര്‍. സിബില്‍സ്കോര്‍ കുറവുള്ളതിനാല്‍ ലോണ്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടറിയിച്ചപ്പോള്‍ സ്വന്തം കമ്പനിയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് റെജി കുറുമശേരി സ്വദേശി പ്രകാശനെ റെജി കബളിപ്പിച്ചത്. പ്രകാശന്‍റെ ഭൂമിയുടെ ഈടില്‍ ആദ്യം ചെറിയ തുകക്ക് ലോണെടുത്ത് പിന്നീട് പ്രകാശനറിയാതെ പുതുക്കി 64 ലക്ഷം രൂപ റെജി പൗലോസ് തട്ടിയെടുത്തു.

ജപ്തി നോട്ടീസുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് ഇത്ര വലിയ കടക്കാരനാണ് താനെന്ന് പ്രകാശനറിയുന്നത്. ഇത് താങ്ങാനാകാതെ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രകാശന്‍ മരിച്ചു. ഇപ്പോള്‍ ക്യാന്‍സര്‍ രോഗിയായ ഭാര്യ മിനിയും മകന്‍ നന്ദുവും ജപ്തി ഭീഷണിയിൽ വീട്ടിൽ നിന്നും പുറത്താക്കപ്പെടുമോ എന്ന് ഭയന്ന് കഴിയുകയാണ്.

തട്ടിപ്പ് അന്വേഷിക്കണമെന്ന് ഹൈക്കോടതിയിൽ നിന്നും ഇവര്‍ വിധി നേടിയെങ്കിലും പൊലീസ് മൗനം പാലിച്ചു. റെജി പിടിയിലായെന്നറിഞ്ഞതോടെ വീണ്ടും ആലുവ പൊലീസിനെ സമീപിച്ചിരിക്കുകയാണിവര്‍. ഇടപാട് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിഞ്ഞു നടത്തിയതെന്നാണ് ഇവര്‍ പറയുന്നത്.

ഇത്തരത്തിലുള്ള നിരവധി പേരാണ് റെജിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളെ സമീപിച്ചത്. ചേര്‍ത്തല ആലുവ എറണാകുളം സൗത്ത് കളമശേരി തൃപ്പുണിത്തറ എന്നിവിടങ്ങിലായി 10 കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ പരാതികളുമായി പൊലീസിനെ സമീപിക്കുമെന്നാണ് സൂചന. സംഭവത്തില്‍ ബാങ്ക് ജീവനക്കാരുടെ പങ്കിനെകുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. വ്യാജരേഖയില്‍ ഉദ്യോഗസ്ഥര്‍ ലോണ്‍ നല്‍കിയിട്ടുണ്ടോയെന്ന് ബാങ്കുകളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Follow Us:
Download App:
  • android
  • ios