ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ ബാങ്ക് കവർച്ചയില്‍ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. വായ്പ ഇടപാടുകൾ, നഷ്ടപ്പെട്ട വസ്തുവകകളുടെ മൂല്യം, സെർവർ സംവിധാനം, സ്വർണ്ണ പണ്ടങ്ങളുടെ ഇൻഷുറൻസ് കവറേജ്, രജിസ്ട്രറുകളുടെ വിവരങ്ങൾ തുടങ്ങിയ വിഷയങ്ങൾ സംഘം അന്വേഷിക്കും. സഹകരണ നിയമം 65 പ്രകാരം ആലപ്പുഴ ജോയിന്‍റ് രജിസ്ട്രാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കടിബി ജംഗ്ഷനിലെ സഹകരണ ബാങ്കിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. ലോക്കർ തകർത്ത് നാലര കിലോ സ്വർണ്ണവും നാലര ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടത്. തെളിവ് നശിപ്പിക്കാൻ സിസിടിവി സംവിധാനവും മോഷ്ടാക്കൾ കൈക്കലാക്കിയിരുന്നു. ഓണാവധിക്ക് ശേഷം ഇന്ന് രാവിലെ ബാങ്ക് തുറക്കാനെത്തിയ സെക്രട്ടറിയാണ്, പൂട്ടുകൾ തകർത്ത നിലയിൽ കണ്ടത്. പൊലീസെത്തി പരിശോധിച്ചപ്പോൾ ജനൽ കമ്പികൾ തകർത്ത് മോഷ്ടാക്കൾ അകത്ത് കയറിയെന്ന് വ്യക്തമായയത്. സ്രോങ് റൂം തകർത്ത് നാലര കിലോ സ്വർണ്ണവും നാലരലക്ഷം രൂപയും കൊണ്ടുപോയിട്ടുണ്ട്. പണയ ഉരുപ്പടികളാണ് മോഷണം പോയത്.

തെളിവ് നശിപ്പിക്കാൻ സിസിടിവി ക്യാമറയും ഹാ‍ർഡ് ഡിസ്കും കമ്പ്യൂട്ടറും മോഷ്ടാക്കൾ കൈക്കലാക്കി. ഫോറൻസിക് വിദഗ്ധരും ഡോഗ് സക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ബാങ്കിന് സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം.