ജില്ലാ ജഡ്ജി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മാപ്പ് പറഞ്ഞ ബാര്‍ അസോസിയേഷന്‍  ഔദ്യോഗിക വാര്‍ത്താകുറിപ്പും പുറത്തിറക്കി. 

തിരുവനന്തപുരം: വഞ്ചിയൂരില്‍ മജിസ്ട്രേറ്റ് ദീപ മോഹനെതിരായ പ്രതിഷേധത്തില്‍ മാപ്പുപറ‍ഞ്ഞ് ബാര്‍ അസോസിയേഷന്‍. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നായിരുന്നു ബാര്‍ അസോസിയേഷന്‍റെ വിശദീകരണം. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ബാര്‍ അസോസിയേഷന്‍ മാപ്പുപറഞ്ഞത്. ജില്ലാ ജഡ്ജി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മാപ്പ് പറഞ്ഞ ബാര്‍ അസോസിയേഷന്‍ ഔദ്യോഗിക വാര്‍ത്താകുറിപ്പും പുറത്തിറക്കി. റിമാൻഡ് പ്രതിയുടെ മോചനം ആവശ്യപ്പെട്ട് മജിസ്ട്രേട്ട് ദീപാ മോഹന്‍റെ ചേമ്പർ കയറി അഭിഭാഷകർ നടത്തിയ ബഹളമാണ് വിവാദമായത്. 

ഇതിനെതിരെ മജിസ്ട്രേറ്റ് നൽകിയ പരാതിയിൽ 12 അഭിഭാഷകർക്കെതിരെ കേസ് എടുത്തിരുന്നു. ഈ കേസ് പിൻവലിക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ദീപാ മോഹനെ ബഹിഷ്കരിക്കാനുള്ള തീരുമാനവും ബാര്‍ അസോസിയേഷന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെ തുടര്‍ന്ന് മജിസ്‍ട്രേറ്റ് ദീപാ മോഹനെ ബഹിഷ്ക്കരിക്കാനുള്ള തീരുമാനം രണ്ട് ദിവസം മുമ്പ് തിരുവനന്തപുരം ബാർ അസോസിയേഷൻ പിൻവലിച്ചിരുന്നു. അഭിഭാഷകർക്കെതിരെ മജിസ്ട്രേട്ട് നൽകിയ പരാതി പിൻവലിക്കാതെയാണ് സമരം നിർത്തിയത്.