Asianet News MalayalamAsianet News Malayalam

ബാര്‍ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യം; ഡിജിപിക്ക് കത്ത് നൽകി എക്സൈസ് മന്ത്രി എംബി രാജേഷ്

പുതിയ മദ്യനയം നടപ്പാക്കുന്നതിന് സംസ്ഥാനത്തെ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം ആകെ 25 കോടി കോഴ വാങ്ങാന്‍ നീക്കമെന്ന വെളിപ്പെടുത്തലാണ് പുതിയ വിവാദത്തിന് കാരണം

Bar bribe allegation MB Rajesh writes DGP to investigate
Author
First Published May 24, 2024, 1:48 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമായ ബാർ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന എക്സൈസ് മന്ത്രി എംബി രാജേഷ് ഡിജിപി ഷെയ്‌ഖ് ദര്‍വേശ് സാഹിബിന് കത്ത് നൽകി. വസ്തുത വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്ന കത്തിൽ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

പുതിയ മദ്യനയം നടപ്പാക്കുന്നതിന് സംസ്ഥാനത്തെ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം ആകെ 25 കോടി കോഴ വാങ്ങാന്‍ നീക്കമുണ്ടെന്ന വെളിപ്പെടുത്തല്‍ കേട്ടിരുന്നുവെന്നും,ശബ്ദരേഖ സർക്കാർ വളരെ ഗൗരവത്തോടെ കാണുന്നുവെന്നുമാണ് നേരത്തെ എക്സൈസ് മന്ത്രി എം.ബിരാജേഷ് പ്രതികരിച്ചത്. മദ്യ നയത്തിന്‍റെ  പ്രാരംഭ ചർച്ചകൾ പോലും ആയിട്ടില്ലെന്നും ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഏർപ്പെടുത്തിയ കർശന നടപടികളിൽ പലര്‍ക്കും  അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.

"പുറത്തുവന്ന ശബ്ദരേഖയുടെ ഉടമയുടെ ബാറിലും പരിശോധന നടന്നിട്ടുണ്ടോ എന്നും അറിയില്ല. ബാർ ഉടമകളുമായി എന്നല്ല, എക്സൈസ് പോളിസിയുമായി ബന്ധപ്പെട്ട ആരുമായും ചർച്ച നടത്തിയിട്ടില്ല. കഴിഞ്ഞ സർക്കാറല്ല ഈ സർക്കാർ. നിയമസഭ തുടങ്ങുകയല്ലേ, പ്രതിപക്ഷത്തെ അവിടെ വച്ച് കാണാമെന്നും എം.ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം രാജി ആവശ്യപ്പെട്ടിരുന്നല്ലോ എന്ന ചോദ്യത്തിന്, എന്തേ ആവശ്യപ്പെടാത്തതെന്ന് താൻ ചിന്തിക്കുകയായിരുന്നുവെന്നും അദ്ദേഹം മറുപടി നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios