ഓഡിയോ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റു ബാറുടമകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതിനു ശേഷം ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തും.

തിരുവനന്തപുരം: രണ്ടരലക്ഷം ആവശ്യപ്പെട്ടത് കെട്ടിടഫണ്ടിനാണെന്ന ബാറുടമകളുടെ വാദം വീണ്ടും പൊളിക്കുന്ന രേഖ പുറത്ത്. സംഘടനക്കായി കെട്ടിടം വാങ്ങാൻ മാസങ്ങൾക്ക് മുമ്പേ ഒരു ലക്ഷം വീതം ബാറുമടകളുടെ സംഘടനയിലെ അംഗങ്ങൾ നൽകിയതിൻറെ പട്ടിക ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. എക്സൈസ് വകുപ്പിൻറെ അധികാരം ടൂറിസം വകുപ്പ് തട്ടിയെടുത്തെന്നും വകുപ്പ് കയ്യിലൂണ്ടോ എംബി രാജേഷ് പരിശോധിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

പുതിയ ബാർകോഴ വിവാദം തീർക്കാൻ സർക്കാരും ബാറുടമകളും ആഞ്ഞ് ശ്രമിക്കുമ്പോൾ മൂടിവെച്ച വിവരങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നത്. രണ്ടരലക്ഷം ആവശ്യപ്പെട്ടത് മദ്യനയത്തിലെ മാറ്റത്തിനുള്ള പ്രതിഫലമല്ല സംഘടനക്ക് തിരുവനന്തപുരത്ത് കെട്ടിടം വാങ്ങാനെന്ന വാദമാണ് ബാറുടമകൾ ആവർത്തിച്ച് സ്ഥാപിക്കുന്നത്. കെട്ടിട ഫണ്ട് ഒരുലക്ഷമാണെന്ന വിവരം ഇന്നലെ പുറത്തുവന്നിരുന്നു.

ഒരു ലക്ഷം വെച്ച് 472 ബാറുടമകൾ കെട്ടിടഫണ്ടിലേക്ക് നൽകിയതിൻറെ വിശദമായ പട്ടികയും ഇന്ന് പുറത്തായി. 4 കോടി 54 , 25000 രൂപയാണ് മാർച്ച് 31നുള്ളിൽ പിരിഞ്ഞുകിട്ടിയത്. കെട്ടിടം രജിസ്റ്റ‍ർ ചെയ്യാൻ ആകെ 6 കോടിയലധികം വേേണമെന്നായിരുന്നു ബാറുടമകളുടെ സംസ്ഥാന പ്രസിഡണ്ട് വിവാദത്തിന് പിന്നാലെ വിശദീകരിച്ചത്. പക്ഷെ ഇത് നേരത്തെ അറിയാവുന്ന സംഘടന ഒരുലക്ഷം വെച്ച് പിരിച്ച് ഒറ്റയടിക്ക് രണ്ടരലക്ഷമാക്കുന്ന കാര്യം അംഗങ്ങളെ അറിയിച്ചിരുന്നില്ല.

ഇതിനിടെ നയംമാറ്റത്തിലെ ടൂറിസം മന്ത്രിയുടെ ഇടപെടലിൽ ഉറച്ച് റിയാസിനെ വീണ്ടും ലക്ഷ്യമിടുന്നു പ്രതിപക്ഷം. ഉദ്യോഗസ്ഥ തലചർച്ചകളുടെ കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടും അന്തിമതീരുമാനമെടുത്തില്ലെന്ന് ആവർത്തിക്കുന്നു സിപിഎം. വിവാദത്തിന് പിന്നാലെ ഗൂഡാലോചന അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇടുക്കിയിലെ ബാറുടമകളുടെ മൊഴി രേഖപ്പെടുത്തുകയാണ്. 23 ലെ എക്സിക്യുട്ടീവ് യോഗത്തിൽ പങ്കെടുത്ത അംഗങ്ങളുടേയും മൊഴിയെടുക്കും.

YouTube video player