കൊച്ചി: വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റ് ദീപാ മോഹനോട് കേരള ബാർ കൗൺസിൽ വിശദീകരണം തേടി. മജിസ്ട്രേറ്റ് ആയതിന് ശേഷവും അഭിഭാഷകയെന്നുള്ള എൻറോൾമെന്റ് റദ്ദാക്കാത്തതിന്റെ കാരണം വിശദീകരിക്കണം എന്നാവശ്യപ്പെട്ടാണ് ബാർ കൗൺസിൽ നോട്ടീസ് അയച്ചത്. ഇതുസംബന്ധിച്ച് മജിസ്ട്രേറ്റിനോട് വിശദീകരണം തേടാൻ ഇന്നത്തെ ബാർ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.

മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിൽ ദീപാ മോഹനെതിരെയാണ് കേരളാ ബാർ കൗൺസിന്‍റെ നിലപാട്. മജിസ്ട്രേറ്റിന്‍റേത് അപക്വമായ പെരുമാറ്റമാണെന്നും മജിസ്ട്രേറ്റിനെ തിരുത്താന്‍ ജുഡീഷ്യറി തയ്യാറാകണമെന്നും കേരള ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ ഹൈക്കോടതി ചീഫ് ജസ്‍റ്റിസിനെ കാണാനാണ് കേരള ബാര്‍ കൗണ്‍സിലിന്‍റെ തീരുമാനം. 

വാഹന അപകട കേസിലെ വാദിയായ സ്ത്രീയെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കിയതോടെയാണ് അഭിഭാഷകര്‍ മജിസ്ട്രേറ്റിനെതിരെ തിരിഞ്ഞത്. തന്നെ അഭിഭാഷകർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്ന് മജിസ്ട്രേറ്റ് ദീപ മോഹന്‍ പരാതി നല്‍കിയതോടെ അഭിഭാഷകര്‍ പ്രതിരോധത്തിലായി. മജിസ്ട്രേറ്റ് നൽകിയ കേസ് അടിയന്തരമായി പിൻവലിക്കണമെന്നാണ് കേരള ബാര്‍ കൗണ്‍സിലിന്‍റെ ആവശ്യം.  അല്ലെങ്കിൽ അഭിഭാഷകർ പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും കേരള ബാര്‍ കൗണ്‍സില്‍ നല്‍കിയിട്ടുണ്ട്.

വാഹന അപകട കേസിലെ വാദിയായ ലതാ കുമാരിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യമാണ് മജിസ്ട്രേറ്റ് ദീപ മോഹന്‍ റദ്ദാക്കിയത്. 2015 ല്‍ കെഎസ്ആർടിസി ഡ്രൈവർ മണി അലക്ഷ്യമായി വാഹനമോടിച്ചതിനാൽ യാത്രക്കാരിയായ ലതാ കുമാരിക്ക് പരിക്കേറ്റെന്നാണ് കേസ്. ഡ്രൈവറെ കണ്ടാലറിയില്ലെന്ന് പറയണമെന്നായിരുന്നു മണിയുടെയും അഭിഭാഷകന്‍റെയും ഭീഷണിയെന്ന് ലതാ കുമാരി പറയുന്നു.