തീ ആളിപ്പടര്‍ന്നതോടെ ആരെങ്കിലും കാണുമെന്ന് കരുതി ഉടന്‍ തന്നെ കെടുത്തി കുഴിച്ചുമൂടുകയായിരുന്നു.
കോഴിക്കോട്: വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനമേഖലയില്‍ കുഴിച്ചുമൂടുന്നതിന് മുൻപ് കത്തിക്കാനും പ്രതികള്‍ ശ്രമിച്ചു. പഞ്ചസാരയും പ്രതികള്‍ മൃതദേഹത്തില്‍ വിതറി. തീ ആളിപ്പടര്‍ന്നതോടെ ആരെങ്കിലും കാണുമെന്ന് കരുതി ഉടന്‍ തന്നെ കെടുത്തി കുഴിച്ചുമൂടുകയായിരുന്നു.
ഉറവകളും തണുപ്പും മറ്റുമുള്ള അന്തരീക്ഷമായതിനാലാണ് പതിനഞ്ചുമാസത്തോളം ചതുപ്പ് പ്രദേശത്ത് മണ്ണിട്ട് മൂടിയിട്ടും ശരീരഭാഗങ്ങള്‍ കൂടുതല്‍ ദ്രവിക്കാതിരുന്നതെന്നാണ് നിഗമനം. ഗള്‍ഫിലുള്ള മുഖ്യ പ്രതി നൗഷാദിനെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയെന്നും തെളിവ് നശിപ്പിക്കാനും മറ്റും പ്രതികള്‍ക്ക് കൂടുതല്‍ പേര്‍ സഹായം നല്‍കിയിട്ടുണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് എസിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതികളായ ജ്യോതിഷ് കുമാര്‍, അജേഷ് എന്നിവരെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. മുഖ്യ പ്രതി നൗഷാദിനെ സൗദിയില്‍ നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് മാറ്റാര്‍ക്കും പങ്കില്ല എന്നാണ് നിഗമനമെങ്കിലും തെളിവ് നശിപ്പിക്കുന്നതിനും മറ്റും കൂടുതല്‍ പേര്‍ പ്രതികള്‍ക്ക് സഹായം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവരെ അടുത്ത ദിവസം പിടികൂടും. ഡിഎന്‍എ ഫലം ലഭിക്കുന്നത് വരെ ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കും. ഹേമചന്ദ്രന് പണം ഇരട്ടിപ്പ് ഉള്‍പ്പടെ പല സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.



