യുവമോർച്ച ചെയ്യാൻ കഴിയുന്നത് അവർ ചെയ്യട്ടെയെന്ന് എംപിയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റുമായ എഎ റഹീം പ്രതികരിച്ചു.
തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസി നിർമിച്ച വിവാദ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള ഇടതുസംഘടനകളുടെ നീക്കം തടയുമെന്ന് യുവമോർച്ച. സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണയാണ് ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് പറഞ്ഞത്. അതേസമയം, യുവമോർച്ച ചെയ്യാൻ കഴിയുന്നത് അവർ ചെയ്യട്ടെയെന്ന് എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹീം പ്രതികരിച്ചു.
ഡോക്യുമെൻ്ററി തടഞ്ഞത് മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ ഉള്ള കടന്നു കയറ്റമാണ്. അതിനെതിരെ സ്വാഭാവികമായ പ്രതിഷേധമുയരും. സംഘർഷം ഉണ്ടാക്കുക എന്ന താൽപര്യം ഡിവൈഎഫ്ഐക്കില്ല. അതല്ല ഡിവൈഎഫ്ഐയുടെ ലക്ഷ്യം. സംഘർഷം ബിജെപി അജൻഡയാണെന്നും അദ്ദേഹം പറഞ്ഞു. ക്യാംപസുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കം രാജ്യദ്രോഹപരമാണെന്നായിരുന്നു യുവമോർച്ചയുടെ പ്രതികരണം. ഇത്തരം നീക്കങ്ങളെ യുവമോർച്ച പ്രതിരോധിക്കുമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ. പ്രഫുൽകൃഷ്ണൻ പറഞ്ഞു.
ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നൽകരുതെന്നും സംസ്ഥാനത്തെ മത സൗഹാർദവും ക്രമസമാധാനവും തകർന്നാൽ മുഴുവൻ ഉത്തരവാദിത്തവും സംസ്ഥാന സർക്കാരിനായിരിക്കുമെന്നും പ്രഫുൽ മുന്നറിയിപ്പ് നൽകി. ഡോക്യുമെന്ററി പ്രദർശനം തടയണമെന്ന് ബിജെപി നേതാക്കളും ആവശ്യപ്പെട്ടു. പ്രദർശനം നടത്തുന്നതിനെതിരെ ബി ജെ പിയുടെ വിവിധ ജില്ലാ അധ്യക്ഷന്മാർ പൊലീസ് ഉന്നതർക്ക് പരാതി നൽകിയിട്ടുണ്ട്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി ഇന്ത്യ ദി മോദി ക്വസ്റ്റ്യനുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാൻ സംസ്ഥാനത്ത് സിപിഎം ബോധപൂർവ്വ ശ്രമം നടത്തുന്നുവെന്ന് ബിജെപി നേതാവ് എംടി രമേശ് കുറ്റപ്പെടുത്തി. കണ്ണൂരിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അപകീർത്തി പെടുത്താനുള്ള ശ്രമമാണ് ഡോക്യുമെന്ററിയെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യത്തോടുള്ള വെല്ലുവിളിയാണ് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും ഈ വിഷയത്തിലെ നിലപാടെന്ന് എംടി രമേശ് കുറ്റപ്പെടുത്തി. ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നത് സംഘർഷമുണ്ടാക്കാനും കലാപമുണ്ടാക്കാനുമുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
കർണാടകത്തിൽ റിപ്പബ്ലിക് ദിനപരേഡിനെച്ചൊല്ലി വിവാദം, തർക്കഭൂമിയിൽ ആഘോഷം നടത്താൻ സർക്കാർ
