ദില്ലി: എൻഡിഎയിൽ ഐക്യമില്ലെന്ന് ബി‍ഡിജെഎസ്. മുന്നണിയിലെ ഐക്യമില്ലായ്മയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമെന്നാണ് ബിഡിജെഎസ് വിമർശനം. അതൃപ്തി തുഷാർ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ശക്തി കേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ കഴിഞ്ഞില്ലെന്നാണ് ബിഡിജെഎസ് വിലയിരുത്തൽ.

രണ്ട് ദിവസത്തിനകം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുമായി കൂടികാഴ്ച നടത്തും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ജനുവരി 15ന് കേരളത്തിലെത്തുമ്പോൾ സീറ്റുകളുടെ കാര്യത്തിൽ വീണ്ടും ചർച്ച നടക്കും. കൂടുതൽ സീറ്റുകൾ വേണമെന്നാണ് ബിഡിജെഎസ് ആവശ്യം. ജനുവരി അവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പ്രചരണം ആരംഭിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം.

സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തേയ്ക്ക് തുഷാർ രണ്ട് പേരുകൾ നിർദ്ദേശിച്ചിട്ടുണ്ട്. എ ജി തങ്കപ്പൻ , സംഗീത വിശ്വനാഥൻ എന്നിവരുടെ പേരുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്.