ഭർത്താവ് മരിച്ച സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങരുതെന്നുള്ള നിലപാട് മുഖ്യമന്ത്രി മാറ്റണം. വിധവ മുമ്പ് ചിതയിലാണ് ചാടിയിരുന്നത്, പക്ഷേ ഇപ്പോൾ രാഷ്ട്രീയത്തിലേക്കാണ് വരുന്നതെന്ന തരത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കേണ്ടതാണ്. മരണം സൗഭാഗ്യമായി കണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് തൃക്കാക്കര ജനത കൊടുത്ത മറുപടിയാണ് തന്‍റെ വിജയം.
കൊച്ചി: പി ടി തോമസിനെപ്പോലെ പരിസ്ഥിതി വാദിയായിരിക്കും താനുമെന്ന് തൃക്കാക്കര നിയുക്ത എം എൽ എ ഉമ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിസ്ഥിതി വിഷയങ്ങൾ പഠിച്ച് പരിഹരിക്കാൻ ശ്രമിക്കും. പിടിയെ പോലെ നിയമ സഭയിൽ ശക്തമായ നിലപാടുകളെടുക്കും. പി ടി പാതി വഴിയിൽ അവസാനിപ്പിച്ച കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണൽ, കൊച്ചി മെട്രോ എക്സ്റ്റൻഷൻ അടക്കമുള്ളവക്ക് മുൻഗണന നൽകുമെന്നും അവര്‍ വ്യക്തമാക്കി.
ഭർത്താവ് മരിച്ച സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങരുതെന്നുള്ള നിലപാട് മുഖ്യമന്ത്രി മാറ്റണം. വിധവ മുമ്പ് ചിതയിലാണ് ചാടിയിരുന്നത്, പക്ഷേ ഇപ്പോൾ രാഷ്ട്രീയത്തിലേക്കാണ് വരുന്നതെന്ന തരത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കേണ്ടതാണ്. മരണം സൗഭാഗ്യമായി കണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് തൃക്കാക്കര ജനത കൊടുത്ത മറുപടിയാണ് തന്‍റെ വിജയം. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ എല്ലാവരെയും ഒരു പോലെ കാണുമെന്നും ഉമ തോമസ് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഉമാ തോമസ് പിടി തോമസിന്‍റെ ജന്മനാടായ ഇടുക്കിയിലെ ഉപ്പുതോട്ടിലെത്തിയിരുന്നു. പിടി തോമസിന്‍റെ ചിതാഭസ്മം അടക്കം ചെയ്ത ഉപ്പുതോട്ടിലെ സെന്‍റ് ജോസഫ് പള്ളിയിലെ കല്ലറയിലെത്തി ഉമ തോമസ് പ്രാര്‍ത്ഥിച്ചു. മക്കളായ വിവേകും വിഷ്ണുവും കോണ്‍ഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. തന്‍റെ വിജയം പിടിക്ക് സമര്‍പ്പിക്കാനായി എത്തിയതാണെന്ന് ഉമ തോമസ് അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
'സ്ഥാനാര്‍ത്ഥിയായപ്പോള്‍ അനുഗ്രഹം വാങ്ങിക്കാനായി പിടിയുടെ കല്ലറയിലെത്തിയിരുന്നു, അതുപോലെ വിജയം അദ്ദേഹത്തിന് സമര്‍പ്പിക്കാനാണ് ഇന്ന് കല്ലറയിലെത്തിത്. പിടിയുടെ ശൈലിയിലുള്ള നയങ്ങള്‍ തുടരാനാണ് ആഗ്രഹം. അദ്ദേഹം മുന്നോട്ട് വച്ച വികസന സ്വപ്നങ്ങളും നിലപാടിന്‍റെ രാഷ്ട്രീയവും തുടരണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്. നിയമസഭയിലും പിടി തോമസിന്‍റെ ശൈലി തുടരും. സൗമ്യമായാണ് താന്‍ സംസാരിക്കുക, എന്നാല്‍ നിലപാടുകള്‍ ശക്തമായി പറയും. പിടിയുടെ നിഴലായി എന്നും കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തെ കാണാതെ ഒന്നും തുടങ്ങാനാവില്ല എന്നത് കൊണ്ടാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും ഇന്ന് ഇവിടെ വന്നത്'- ഉമ തോമസ് പറഞ്ഞു.
പിടിയുടെ ജന്മനാട്ടിലെത്തിയ ഉമ തോമസ് ഇടുക്കി ബിഷപ്പ് മാര്‍ ജോൺ നെല്ലിക്കുന്നേലിനെ ബിഷപ്പ് ഹോസ്സിലെത്തി കൂടിക്കാഴ്ച നടത്തി. നേരത്തെ ഉണ്ടായിരുന്ന ബിഷപ്പ് മാര്‍ മാത്യു ആനി കുഴിക്കാട്ടിലുമായി പിടി തോമസ് സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ വിഷയത്തില്‍ ഉണ്ടായിരുന്ന സ്വരചേര്‍ച്ച ആശയപരമായ വിയോജിപ്പ് മാത്രമാണെന്നും ഇപ്പോഴുള്ള ബിഷപ്പ് ജോൺ നെല്ലിക്കുന്നേലുമായി പിടിക്ക് ഉണ്ടായിരുന്നത് നല്ല ബന്ധം ആണെന്നും ഇവരുടെ കൂടി പ്രാര്‍ത്ഥന കൊണ്ടാണ് താന്‍ ജയിച്ചതെന്നും ഉമ തോമസ് പറഞ്ഞു. ഉപ്പുതോട്ടിലെത്തിയ ഉമക്ക് ഊഷ്മളമായ സ്വീകരണമാണ് ബന്ധുക്കളും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് ഒരുക്കിയത്.
