തിരുവനന്തപുരം: ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കി കേരള പൊലീസ് അക്കാദമി. കേരള പൊലീസിൽ പുതുതായി പരിശീലനം നടത്തുന്നവർക്കായി ഇറക്കിയ ഭക്ഷണ മെനുവിൽ നിന്നും ബീഫ് ഒഴിവാക്കിയത് വിവാദമാകുകയാണ്. പൊലീസ് അക്കാദമി എഡിജിപിയുടേതാണ് ഉത്തരവ്. ആരോഗ്യവിദഗ്ധർ നൽകിയ മെനുവാണ് ഉത്തരവായി ഇറക്കിയതെന്നും ബീഫിന് നിരോധനം ഇല്ലെന്നുമാണ് ട്രെയിനിംഗ് എഡിജിപിയുടെ വിശദീകരണം.

കേരളത്തിലെ വിവിധ ബറ്റാലിയനുകളിലായ 2800 പേരാണ് ഇന്നലെ പരിശീലനത്തിനായി ചേർന്നത്. ഇവർക്കായി തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നും പുറത്തിറക്കിയ ഭക്ഷണ മെനുവാണ് വിവാദമായത്. മുട്ടയും, കോഴിക്കറിയും, മീനുമെല്ലാം മെനുവിൽ ഉള്‍പ്പെടുത്തിയെങ്കിലും ബീഫ് ഒഴിവാക്കി. മുൻ വർഷങ്ങളിൽ ബീഫും മെസ്സിൽ നിന്നും പരിശീലനം നടത്തുന്ന പൊലീസുകാർക്ക് നൽകിയിരുന്നതായി പൊലീസുകാർ പറയുന്നു.

ബീഫ് ഒഴിവാക്കി കൊണ്ടുള്ള മെനു ട്രെയിനിംഗ് എഡിജിപി എല്ലാ ബറ്റാലിയനുകൾക്കും നൽകി. എന്നാൽ, ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരമുളള മെനുവാണ് പുറത്തിറക്കിയതെന്നും ഒരു നിരോധനവും നിലവിലില്ലെന്നും ട്രെയിനിംഗ് എഡിജിപി ബി.സന്ധ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ബീഫ് എല്ലാ ബറ്റാലിയിലെ ക്യാൻറീനുകളില്‍ നൽകിയിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു. പക്ഷെ ബീഫ് ഒഴിവാക്കിയതിലെ അതൃപ്തി പൊലീസുകാർ സംഘടനകളെയും അറിയിച്ചിട്ടുണ്ട്.

നേരത്തെ, തൃശൂർ പൊലീസ് അക്കാദമിയിൽ ഐജിയായ സുരേഷ് രാജ് പുരോഹിത് ബീഫ് നിരോധിച്ചത് ഏറെ വിവാദമായിരുന്നു. പിന്നീട് സർക്കാർ ഇടപെട്ടാണ് നിരോധനം നീക്കിയത്.  അതേസമയംസ ഓരോ ട്രെയിനിയും ഭക്ഷത്തിനായി നൽകേണ്ട തുക വർദ്ധിപ്പിച്ചു. 2000 രൂപയാണ് പരിശീലന കാലയളവിൽ ഒരു ട്രെയിനി നൽകേണ്ടയിരുന്നത്. അത് 6000 രൂപയായണ് വർദ്ധിപ്പിച്ചത്.