വനാതിർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് നിലവിൽ ആനയുടെ സ്ഥാനം. ആനയിപ്പോൾ സഞ്ചരിക്കുന്നത് കർണാടക വനത്തിന്റെ കൂടുതൽ ഉൾവശത്തേക്കാണ്.

വയനാട്: മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകന്‍റെ ജീവനെടുത്ത ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിൽ. ആന കേരളം കടന്ന് നാഗർഹോളയിലെത്തിയെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വനാതിർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് നിലവിൽ ആനയുടെ സ്ഥാനം. ആനയിപ്പോൾ സഞ്ചരിക്കുന്നത് കർണാടക വനത്തിന്റെ കൂടുതൽ ഉൾവശത്തേക്കാണ്. കർണാടക വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ടെങ്കിലും ഇന്ന് പകൽ ആന തിരിച്ചെത്താൻ സാധ്യതയില്ലെന്നാണ് നിഗമനം. രാത്രിയോടെ ആന തിരിച്ചു വന്നേക്കുമെന്നാണ് ദൗത്യ സംഘത്തിന് പ്രതീക്ഷ.

ട്രാക്ടര്‍ ഡ്രൈവര്‍ ആയ പടമല പനച്ചിയില്‍ അജീഷ് (45) എന്നയാളാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഫ്രെബ്രുവരി 10 ന് ജനവാസ മേഖലയിലിറങ്ങിയ റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്താനുള്ള ശ്രമിക്കുന്നതിനിടെയാണ് അജീഷ് ആനയുടെ മുന്നിൽപ്പെട്ടത്. ആനയെ കണ്ട് രക്ഷപ്പെടാനായി ജോമോന്‍ എന്നയാളുടെ വീട്ടിലേക്ക് അജീഷ് ചാടിക്കയറുന്നതിനിടെ നില തെറ്റി അജീഷ് താഴെ വീഴുകയായിരുന്നു. പിന്നാലെ പാഞ്ഞെത്തിയ ആന വീട്ടിന്റെ മതിലും ഗേറ്റും പൊളിച്ച് കയറി അജീഷിനെ ചവിട്ടിയ ശേഷം കടന്ന് പോയി. തൊട്ടുപുറകെ എത്തിയ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും അജീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.