ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പായി പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോഴാണ് അവഗണന നേരിട്ടതെന്നാണ് ​ആനന്ദബോസ് വ്യക്തമാക്കുന്നത്.

ദില്ലി: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് എന്‍എസ്എസ് നേതൃത്വം അനുമതി നിഷേധിച്ചെന്ന് ബംഗാള്‍ ഗവര്‍ണ്ണര്‍ സി. വി ആനന്ദ ബോസ്. മന്നം സ്മാരകം എല്ലാ നായന്മാര്‍ക്കും അവകാശപ്പെട്ടതാണെന്നും ഗേറ്റില്‍ നില്‍ക്കുന്നയാളെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നും ആനന്ദ ബോസ് തുറന്നടിച്ചു. ആനന്ദബോസിന്‍റെ ആരോപണങ്ങള്‍ തള്ളിയ എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി . സുകുമാരന്‍ നായര്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നിഷേധിച്ചിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

ദില്ലി എന്‍എസ്എസ് കൂട്ടായ്മ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷത്തിലാണ് എന്‍എസ്എസ് നേതൃത്വത്തിനെതിരെ ബംഗാള്‍ ഗവര്‍ണ്ണര്‍ ആരോപണമുന്നയിച്ചത്. ഗവര്‍ണ്ണറായി നിയമിക്കപ്പെട്ടതിന് പിന്നാലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ച നടത്തണമന്ന ആഗ്രഹിച്ചു. കൂടിക്കാഴ്ചക്ക് കൂടിയുള്ള അനുമതി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയോട് തേടി. എന്‍എസ്എസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടന്നു. എന്നാല്‍ പുഷ്പാര്‍ച്ചനക്ക് അനുമതി നല്‍കിയില്ലെന്ന് ആനന്ദ ബോസ് ആരോപിക്കുന്നു.

ദില്ലിയില്‍ മന്നത്ത് പദ്മനാഭന്‍റെ സ്മാരകം പണിയണമെന്നും അതിനായി ഒരു മാസത്തെ ശമ്പളം നല്‍കാമന്നും ആനന്ദ് ്ബോസ് വാഗ്ദാനം നല്‍കി. ആനന്ദ ബോസിന്‍റെ ആരോപണങ്ങള്‍ എന്‍എസ്എസ് നേതൃത്വം തള്ളി. അങ്ങനെയൊരു സംഭവനം നടന്നിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിശദീകരിച്ചു.

എന്‍എസ്എസുമായി നേരിട്ട് ബന്ധമില്ലാത്ത സംഘടനയുടെ വേദിയിലാണ് ആനന്ദ ബോസ് വിമര്‍ശനം ഉന്നയിച്ചത്. മന്നം സമാധി ആഘോഷങ്ങള്‍ക്ക് പെരുന്നയിലേക്ക് ക്ഷണിക്കാത്തതിലുള്ള അതൃപ്തിയാണ് ആനന്ദബോസ് ദില്ലിയില്‍ പ്രകടപ്പിച്ചതെന്നാണ് എന്‍എസ്എസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്‍എസ്എസ് ആസ്ഥാനത്ത് സ്വീകരണം ലഭിച്ചുവെന്ന് പറയുമ്പോള്‍ തന്നെ പുഷ്പാര്‍ച്ചന വിലക്കിയെന്ന് ആരോപിക്കുന്നതിലെ വൈരുധ്യവും ചോദ്യം ചെയ്യപ്പെടുന്നു. 

മന്നത്ത് സ്മാരകം എല്ലാ നായന്മാർക്കും അവകാശപ്പെട്ടത്; NSS നേതൃത്വത്തിനെതിരേ CV ആനന്ദബോസ്