ബംഗ്ലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബംഗ്ലൂരുവിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പ്രതി ചേർക്കുന്നതിന്റെ നടപടികൾ തുടങ്ങിയെന്ന് സൂചന. എൻസിബി ഉദ്യോഗസ്ഥർ എൻഫോഴ്സമെന്റ്  ആസ്ഥാനത്തെത്തി. ബിനീഷിനെ ചോദ്യം  ചെയ്യുന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്.

കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണ വിവരങ്ങൾ തേടുമെന്ന് നേരത്തെ എൻസിബി അറിയിച്ചിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ബിനീഷിനെ കസ്റ്റഡിയിൽ എടുക്കുന്നതിനെ കുറിച്ചും എൻസിബി വൈകാതെ തീരുമാനമെടുത്തേക്കും. 

രാഹുൽ സിൻഹയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ്  ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത്. കസ്റ്റഡിയിലുള്ള ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പല ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നുമാണ് ഇഡി ഉദ്യോഗസ്ഥരുടെ പ്രതികരണം. ബിനീഷിന്റെ നിസഹകരണം ചോദ്യം ചെയ്യൽ നീളാൻ കാരണമാകുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ബിനീഷിനെ കാണാൻ അനുവദിക്കാത്ത ഇഡി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ബിനീഷിന്റെ  അഭിഭാഷകർ കർണാടക ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു.