കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വന്തം സംസ്ഥാനമായ ബീഹാറിലേക്ക് കടന്ന 24-കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു
ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വന്തം സംസ്ഥാനമായ ബീഹാറിലേക്ക് കടന്ന 24-കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ പൊലീസ് ബെംഗളൂരുവിൽ എത്തിച്ചു. ജൂലൈ 25-ന് ബെംഗളൂരുവിലെ കുംബളഗോടു എന്ന സ്ഥലത്താണ് സംഭവം നടന്നത്. ധീരജ് കുമാർ എന്ന യുവാവാണ് ഭാര്യ റീമ കുമാരിയെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
പ്രണയത്തിലായിരുന്ന ധീരജും റീമയും 10 മാസം മുമ്പാണ് വിവാഹിതരായത്. റീമയുടെ വീട്ടുകാരെ അറിയിക്കാതെയായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. എന്നാൽ ബെംഗളൂരുവിൽ എത്തിയ ശേഷം റീമയ്ക്ക് തന്നോടുള്ള താല്പര്യം കുറഞ്ഞതായി ധീരജ് പൊലീസിനോട് പറഞ്ഞു. റീമ സമയം മുഴുവൻ മൊബൈൽ ഫോണിൽ റീൽസുകൾ ചിത്രീകരിക്കുന്നതിനായി ചെലവഴിക്കുകയും, വീട്ടുജോലികൾ ചെയ്യാനോ ഭക്ഷണം വിളമ്പി നൽകാനോ തയ്യാറായിരുന്നില്ലെന്നും ഇയാൾ ആരോപിക്കുന്നു. കൂടാതെ ബീഹാറിലേക്ക് തിരികെ പോകണമെന്ന് റീമ നിരന്തരം നിർബന്ധിച്ചിരുന്നതായും ഇത് ദമ്പതികൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് കാരണമായതായും പൊലീസ് വ്യക്തമാക്കി.
സംഭവം നടന്ന ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ധീരജ് തനിക്ക് ഭക്ഷണം ഉണ്ടാക്കിവെച്ചിട്ടില്ലെന്ന് കണ്ടതോടെ റീമയുമായി വഴക്കിലായി. തുടർന്ന് ഉറങ്ങാൻ പോകാൻ ആവശ്യപ്പെട്ടെങ്കിലും റീമ അതിന് തയ്യാറായില്ല. ഇതിനിടയിൽ റീമ ഒരു തടികൊണ്ട് ധീരജിനെ ആക്രമിച്ചെന്നും, തുടർന്ന് പ്രകോപിതനായ ധീരജ് റീമയുടെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
കൊലപാതകത്തിന് ശേഷം റീമയുടെ മുഖം പ്ലാസ്റ്റിക് കവർ കൊണ്ട് മൂടുകയും മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് വാടകമുറിയിൽ ഉപേക്ഷിച്ച് ധീരജ് ബീഹാറിലേക്ക് കടക്കുകയുമായിരുന്നു. ജൂലൈ 29-ന് വാടകമുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി റീമയുടെ പരിചയക്കാരിലൊരാൾ കെട്ടിട ഉടമയെ വിവരമറിയിച്ചു. തുടര്‍ന്ന് കെട്ടിട ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ടോയ്‌ലറ്റിന് സമീപം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ ജീർണ്ണിച്ച മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ശാസ്ത്രീയ തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് പ്രതി ബീഹാറിലുണ്ടെന്ന് കണ്ടെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.



