തിരുവനന്തപുരം: പിടിച്ചുനില്‍ക്കാന്‍ കഴിയാതായതോടെ കുറ്റസമ്മതം നടത്തുകയാണ് മുഖ്യമന്ത്രിയെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്‍നാന്‍.  ഇമൊബിലിറ്റി പദ്ധതിയില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു ബെന്നി ബെഹ്‍നാന്‍. കരിമ്പട്ടികിയല്‍ ഉള്‍പ്പെട്ട പിഡബ്ല്യുസിക്ക് കരാര്‍ കൊടുത്തതിന് എതിരെ സ്വര്‍ണ്ണക്കള്ളക്കടത്ത് വാര്‍ത്ത വരുന്നതിന് മുമ്പ്  പ്രതിപക്ഷം  ആക്ഷേപം ഉന്നയിച്ചിരുന്നു.

എന്നാല്‍ അന്ന് മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുകയായിരുന്നു ചെയ്തത്. സ്വപ്‍നയുടെ നിയമനത്തിന് പിഡബ്ല്യുസി സ്വാധീനം ചെലുത്തിയെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോള്‍ തനിക്കറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇന്ന് കുറ്റസമ്മതം നടത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബെന്നി ബെഹ്‍നാന്‍ പറഞ്ഞു.

സ്വർണ്ണക്കടത്ത് വൻ വിവാദമായതിന് പിന്നാലെയാണ്  ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി സ്ഥാനത്ത് നിന്നും പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയെ ഒഴിവാക്കിയത്.  ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക് കൺസൾട്ടന്റ് സ്ഥാനത്ത് നിന്ന് നേരത്തെ കമ്പനിയെ ഒഴിവാക്കിയിരുന്നു. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പിഡബ്ല്യുസിക്ക് എതിരെ ആരോപണവുമായി രംഗത്ത് വന്നത്. സെബി വിലക്കിയ കമ്പനിക്കാണ് കരാർ നൽകിയതെന്നായിരുന്നു വാദം. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കമ്പനിയെ നിയമിച്ചതിൽ അപാകതയില്ലെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരുന്നു.