റബ്ബർ, ഏലം, നാളികേരം തുടങ്ങിയ കാർഷിക വിളകൾക്ക് മികച്ച വില ലഭ്യമാക്കിയ കേന്ദ്രസർക്കാരിനെ ഭാരതീയ ജനതാ കർഷക മോർച്ച സംസ്ഥാന സമിതി അഭിനന്ദിച്ചു. ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നത് കർഷകരുടെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് യോഗം വിലയിരുത്തി.

തിരുവനന്തപുരം: റബ്ബർ, ഏലം, നാളികേരം തുടങ്ങിയ പ്രധാന കാർഷിക വിളകൾക്ക് സീസണിലെ മികച്ച വില ലഭ്യമാക്കിയതിൽ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് ഭാരതീയ ജനതാ കർഷക മോർച്ച സംസ്ഥാന സമിതി യോഗം. കാർഷികോൽപ്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുന്നതിലൂടെ കർഷകർക്ക് നേട്ടമുണ്ടാക്കാൻ കേന്ദ്രസർക്കാരിന്റെ കർഷക സൗഹൃദ ഇടപെടലുകൾ സഹായകമായതായി കർഷക മോർച്ച സംസ്ഥാന ഭാരവാഹി യോഗം വിലയിരുത്തി.

കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും, കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും, ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുന്നത് നിർണായകമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഈ ദിശയിലുള്ള കേന്ദ്രസർക്കാരിന്റെ ഇടപെടലുകളെ യോഗം അഭിനന്ദിച്ചു.

റബ്ബർ, ഏലം, നാളികേരം തുടങ്ങിയ വിളകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നത് അവരുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനും, കൃഷിച്ചെലവുകൾ നേരിടുന്നതിനും, കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സഹായകരമാണ്. ഉൽപ്പാദനച്ചെലവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കാർഷിക വിളകൾക്ക് മികച്ച വില ലഭിക്കുന്നത് കർഷകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതോടൊപ്പം കൃഷി ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാനും പ്രേരണയാകുമെന്ന് യോഗം വിലയിരുത്തി.

തിരുവനന്തപുരം മാരാർജി ഭവനിൽ ചേർന്ന യോഗത്തിൽ കർഷക മോർച്ച സംസ്ഥാന അധ്യക്ഷൻ ശ്രീ ഷാജി രാഘവൻ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എ വി രഞ്ജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കർഷക മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ ജയസൂര്യൻ സമാപന പ്രസംഗം നടത്തി.

കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എ വി രാമചന്ദ്രൻ സ്വാഗതവും സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ബിജു ചാങ്ങത്ത് നന്ദിയും രേഖപ്പെടുത്തി.