Asianet News MalayalamAsianet News Malayalam

ഒന്നാം ദിനം സർവ്വത്ര ആശയക്കുഴപ്പം; മദ്യ വിതരണം ആപ്പിലായപ്പോൾ

സമയത്തിന് മദ്യംകിട്ടാതെ വന്നവർ ബഹളം വെച്ചതോടെ സർവ്വത്ര ആശയക്കുഴപ്പമാണ് ഇന്നുണ്ടായത്. ബാറുകളിൽ പലയിടത്തും ആപ്പ് പ്രവർത്തനരഹിതമായി. ബെവ്കോ ഔ‍ട് ലെറ്റുകളിൽ  ലോഗിനും ഐഡിയും പാസ്വേഡുമില്ല.

bev q app causes trouble on day one app issues fixed now says faircode
Author
Kochi, First Published May 28, 2020, 7:48 PM IST

കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ ടോക്കൺ മുഖേന മദ്യവിൽപ്പന തുടങ്ങിയെങ്കിലും സർവത്രം ആശയക്കുഴപ്പം, ബെവ്കോ ഔട്ട് ലെറ്റുകളിലും ബാറുകളിലും ലോഗിൻ ഐഡിയും ഒടിപിയും അടക്കമുള്ളവ കിട്ടാതെ വന്നതോടെ വിൽപ്പന തുടങ്ങാൻ വൈകി. ബാറുകളിൽ പലയിടത്തും ഉച്ചയോടെ സ്റ്റോക്ക് തീർന്നത് ബഹളത്തിനിടയാക്കി. ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് ബെവ് ക്യൂ നിർമ്മാതാക്കളായ ഫെയർകോഡ് അറിയിച്ചു. എസ്എംഎസ് ബുക്കിംഗ് തകരാറും പരിഹരിച്ചു. നാളേക്കുള്ള ബുക്കിംഗ് സമയം ഉടനറിയിക്കുമെന്നും ഫെയർകോഡ് അറിയിച്ചു. 

സമയത്തിന് മദ്യംകിട്ടാതെ വന്നവർ ബഹളം വെച്ചതോടെ സർവ്വത്ര ആശയക്കുഴപ്പമാണ് ഇന്നുണ്ടായത്. ബാറുകളിൽ പലയിടത്തും ആപ്പ് പ്രവർത്തനരഹിതമായി. ബെവ്കോ ഔ‍ട് ലെറ്റുകളിൽ  ലോഗിനും ഐഡിയും പാസ്വേഡുമില്ല. ആളുകളുടെ നിരകൂടിയതോടെ സാമൂഹ്യ അകലത്തിനായി പലയിടത്തും പൊലീസ് ഇടപെട്ടു.  കാര്യം നടക്കാൻ ഒടുവിൽ ക്യൂ ആ‍ർ കോ‍ഡ് സ്കാൻ ചെയ്യാതെ തന്നെ മദ്യ വിതരണം തുടങ്ങി.

ഉച്ചയോടെ പല ബാറുകളിലും സ്റ്റോക് തീർന്നു. ഇതോടെ ടോക്കണുമായെത്തിവരുടെ ബഹളം. കൊച്ചിയിൽ ചില പഞ്ച നക്ഷത്ര ഹോട്ടലുകളിലെ ബാറുകളിൽ വിറ്റത് ഉയർന്ന വിലക്കുള്ള മദ്യം മാത്രം. ഇതോടെ വാങ്ങനെത്തിയവർ നക്ഷത്രമെണ്ണി. കൂട്ടത്തിൽ മദ്യം വാങ്ങാൻ ടോക്കൺ എടുക്കാത്തവരും.

ഒടിപി കിട്ടുന്നില്ലെന്നായിരുന്നു  ബെവ് ക്യൂ ആപിനെക്കുറിച്ചുളള പ്രധാന പരാതി. നാളത്തെ മദ്യവിതരണത്തിന് മുമ്പ്  പ്രശ്നം പരിഹരിക്കുമെന്ന് ആപ് നിർമാതാക്കളായ ഫെയർകോ‍ഡ് അറിയിച്ചു. ഒടിപി സേവനദാതാക്കളുടെ എണ്ണം ഒന്നിൽ നിന്ന് നാലായി വർധിപ്പിച്ചാണ് തടസം പരിഹരിക്കുന്നത്. ഐഡിയ ,ടാറ്റാ, വീഡിയോകോൺ എന്നീ കമ്പനികളാണ് പുതുതായി സേവനദാതാക്കളായി വരുന്നത്. 

ഇന്ന് മാത്രം 15 ലക്ഷം പേർ  BevQ വിൽ റജിസ്റ്റർ ചെയ്തു എന്നും ഫെയർകോഡ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios